കേരള സംഗീത നാടക അക്കാദമിയില്‍ ഒക്ടോബര്‍ 25 മുതല്‍ പ്രൊഫഷനല്‍ നാടകമത്സരം
കേരള സംഗീത നാടക അക്കാദമിയില്‍ ഒക്ടോബര്‍ 25 മുതല്‍ പ്രൊഫഷനല്‍ നാടക മത്സരത്തിന് തിരിതെളിയും. കോവിഡ് മഹാമാരിയാൽ നീട്ടിവെക്കപ്പെട്ട 2019 ലെ പ്രൊഫഷനല്‍ നാടകമത്സരം ഒക്ടോബര്‍ 25 മുതല്‍ 29 വരെ കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററിൽ സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി 25 മുതല്‍ രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമായി രണ്ടു നാടകങ്ങള്‍ വീതം അരങ്ങിലെത്തിക്കുമെന്ന് അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി പറഞ്ഞു. പാസ്സെടുക്കുന്ന 250 പേര്‍ക്കാണ് പ്രവേശനം. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ പാസുകള്‍ നല്‍കുകയുള്ളു. പാസുകള്‍ ഈ മാസം 23 ന് രാവിലെ പത്തുമുതല്‍ അക്കാദമി ഓഫീസില്‍ നിന്ന് സൗജന്യമായി വിതരണം ചെയ്യും. പാസ് വാങ്ങാന്‍ 23 ന് രാവിലെ പത്തിന് അക്കാദമി ഓഫീസില്‍ എത്തുന്നവര്‍, രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കി നിശ്ചിത അപേക്ഷ ഫോറം അക്കാദമി ഓഫീസില്‍ പൂരിപ്പിച്ച് നല്‍കി പാസ് കൈപ്പറ്റണം. ഒരാള്‍ക്ക് ഒരു പാസ് മാത്രമേ അനുവദിക്കു. ഈ പാസ് ലഭിക്കുന്നവര്‍ക്ക് 10 നാടകങ്ങളും കാണാം. നാടകമത്സരം കാണാനെത്തുമ്പോഴും പാസ്സിനൊപ്പം രണ്ട് ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പൂര്‍ണ്ണമായും കോവിഡ്ചട്ടങ്ങള്‍ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. വിവിധ നാടക സമിതികള്‍ സമര്‍പ്പിച്ച 23 നാടകങ്ങളില്‍ നിന്ന് ജൂറി തെരഞ്ഞെടുത്ത 10 നാടകങ്ങളാണ് അരങ്ങിലെത്തിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട നാടക സമിതികള്‍ക്കുള്ള നാടക അവതരണ ചെലവിനുള്ള തുക 30,000 രൂപയില്‍ നിന്നും ഒരുലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. പ്രൊഫഷനല്‍ നാടകമത്സരം 25 ന് രാവിലെ 9.30 ന് അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ പി എ സി ലളിത ഉദ്ഘാടനം ചെയ്യും. അക്കാദമി വൈസ്‌ചെയര്‍മാന്‍ സേവ്യര്‍പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും.