വിലക്ക് അവസാനിച്ചു; ട്രംപിന് ഇനി ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ആക്ടിവാകാം
വാഷിങ്ടൻ: 2021 ലെ ക്യാപിറ്റൽ കലാപത്തെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്കിന് ശേഷം മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മടങ്ങിയെത്തുന്നു. ഫെയ്സ്ബുക്കിന്‍റെയും ഇൻസ്റ്റാഗ്രാമിന്‍റെയും മാതൃ കമ്പനിയായ മെറ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്‍റെ അക്കൗണ്ടുകൾ വരും ആഴ്ചകളിൽ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോള കാര്യ പ്രസിഡന്‍റ് നിക് ക്ലെഗ് അറിയിച്ചു. വീണ്ടും ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നയങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ രണ്ട് വർഷത്തേക്ക് കൂടി വിലക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ച ട്രംപ് പക്ഷേ, ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മടങ്ങി എത്തുമോ എന്ന് വ്യക്തമല്ല. തന്‍റെ അഭാവം മൂലം ഫേസ്ബുക്കിന് കോടിക്കണക്കിന് ഡോളർ നഷ്ടമായെന്നാണ് ഇതേക്കുറിച്ച് ട്രംപ് പരിഹാസ രൂപേണ പ്രതികരിച്ചത്.