എ എം എം എയിൽ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ലെന്ന് എൻ എസ് മാധവൻ
മലയാള സിനിമയിലെ സൂപ്പർ മെഗാ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും കടന്നാക്രമിച്ച് പ്രമുഖ എഴുത്തുകാരൻ എൻ എസ് മാധവൻ. ട്വിറ്ററിലൂടെയാണ് പേരെടുത്ത് പറയാതെ ഇരുവരുടെയും കഥാപാത്രങ്ങളെ പരാമർശിച്ചുള്ള രൂക്ഷമായ പ്രതികരണം വന്നിരിക്കുന്നത്. എ എം എം എയിൽ നിന്ന് ദിലീപിനെ പുറത്താക്കണമെന്നും അങ്ങിനെ ചെയ്യാതെ ഇരയ്ക്കൊപ്പം എന്ന നാട്യത്തോടെ എന്തുതരം സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ലെന്ന് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകളുടേയും സിനിമാ മേഖലയുടെ ഒന്നടങ്കമുള്ള ഐക്യദാർഢ്യ പ്രഖ്യാപനങ്ങളുടേയും പശ്ചാത്തലത്തിലാണ് ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ചേരുന്ന ഇരട്ടത്താപ്പിനെ വിമർശിച്ച് മുതിർന്ന എഴുത്തുകാരൻ മുന്നോട്ടു വരുന്നത്.