ഐഎസ്എല്ലിലേയ്ക്ക് സ്ഥാനക്കയറ്റം ഉറപ്പിച്ചു; ഐ-ലീഗ് ക്ലബുകൾക്ക് സന്തോഷ വാർത്ത
ഈ സീസണിലെ ഐ ലീഗ് ജേതാക്കൾക്ക് അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് സ്ഥാനക്കയറ്റം നൽകും. ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും ശനിയാഴ്ച വൈകിട്ടോടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഐ ലീഗ് നവംബര്‍ 12-ന് ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) എഎഫ്സിയും ഐഎസ്എൽ, ഐ-ലീഗ് നേതൃത്വങ്ങളും 2019 ൽ അംഗീകരിച്ച റോഡ്മാപ്പിലാണ് ഈ നിർദ്ദേശം. എന്നാൽ, ഐ ലീഗ് ജേതാക്കളുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്താതിരുന്നതിനാൽ തീരുമാനം മാറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇന്നലെ എഐഎഫ്എഫ് ഉദ്യോഗസ്ഥർ നടത്തിയ വാർത്താസമ്മേളനത്തിലും ഇത് സംബന്ധിച്ച പ്രഖ്യാപനമൊന്നും ഉണ്ടായില്ല. എന്നാൽ എഐഎഫ്എഫ് പ്രസിഡണ്ട് കല്യാൺ ചൗബെ തന്നെ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഐ ലീഗ് ക്ലബുകളുടെ സ്ഥാനക്കയറ്റം ഉറപ്പാണെങ്കിലും ഐഎസ്എല്ലിൽ നിന്ന് തരംതാഴ്ത്തുന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഐഎസ്എല്ലിൽ തരംതാഴ്ത്തലും വേണമെന്നാണ് രൂപരേഖയിലെ നിർദ്ദേശം. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല.