ഇരട്ടപ്പുഴ സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശം
ഫിറ്റ്‌നസ് പ്രശ്‌നങ്ങളുടെ പേരില്‍ സമീപത്തെ വായനശാല കെട്ടിടത്തിലേക്ക് മാറ്റിയ കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ ഗവ.എല്‍ പി സ്‌കൂളിന് രണ്ടാഴ്ചയ്ക്കകം പുതിയ കെട്ടിടം കണ്ടെത്തി പഠനാന്തരീക്ഷം സുഗമമാക്കാന്‍ നടപടിയെടുക്കണമെന്ന് പഞ്ചായത്തിനോട് എം എല്‍ എയുടെയും ജില്ലാ കലക്ടറുടെയും നിര്‍ദ്ദേശം. കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് സ്ഥലം എം എല്‍ എ എന്‍ കെ അക്ബര്‍, കലക്ടര്‍ എന്നിവര്‍ കടപ്പുറം പഞ്ചായത്ത് അധികൃതരോട് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം ജില്ലാ വികസന സമിതി അജണ്ടയില്‍ ഉള്‍പ്പെടുത്തി നിര്‍ദ്ദേശിച്ചതാണെന്നും ഇനിയും സൗകര്യങ്ങളുള്ള പുതിയ താല്‍ക്കാലിക കെട്ടിടം ഉടന്‍ കണ്ടെത്തണമെന്നും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാവരുതെന്നും ഇരുവരും നിര്‍ദ്ദേശിച്ചു.
നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വായനശാലയില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ അധികകാലം ഇവിടെ പഠനം തുടരാനാവാത്ത സാഹചര്യമാണ്. മറ്റ് സ്ഥലങ്ങള്‍ ലഭിക്കാത്തതിനാലാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്. എന്നാല്‍ ഇത്തരം താല്‍ക്കാലികവും വേണ്ടത്ര സൗകര്യങ്ങളില്‍ അല്ലാതെയും പ്രവര്‍ത്തിക്കുന്നത് കുട്ടികളുടെ പഠനത്തെ ഏറെ ബാധിക്കുമെന്നും എം എല്‍ എ യും കലക്ടറും വ്യക്തമാക്കി. വായനശാലയില്‍ പഠനം തുടരുന്ന കുട്ടികളുടെ പഠനാന്തരീക്ഷത്തില്‍ ആശങ്കയുണ്ട്. പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം പണിയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കും.
പ്രദേശത്തെ ബഡ്‌സ് സ്‌കൂളിനനുവദിച്ച സ്ഥലത്തോടു ചേര്‍ന്നുള്ള സ്ഥലം വാങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനും റവന്യൂ, കടപ്പുറം പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളിന് സ്ഥലം ലഭിക്കുന്ന മുറയ്ക്ക് എം എല്‍ എ ഫണ്ടില്‍ നിന്നും കെട്ടിട നിര്‍മാണത്തിനുള്ള തുക കണ്ടെത്താനും എം എല്‍ എ ഉദ്യോഗസ്ഥരെ അറിയിച്ചു. വായനശാലയില്‍ നിന്ന് സ്‌കൂളിൻ്റെ പ്രവര്‍ത്തനം താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി 200 മീറ്റര്‍ പരിധിയിലുള്ള സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇതിനായി പഞ്ചായത്തിനോട് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ മദനമോഹന്‍, കടപ്പുറം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തിൻ്റെ ഉടമ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.