പൃഥ്വിരാജിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം; പൃഥ്വി യഥാർഥ മലയാളി ആണെങ്കിൽ ഇനി തമിഴ് സിനിമയിൽ അഭിനയിക്കില്ലെന്നും തമിഴ്നാട്ടിൽ കാലുകുത്തില്ലെന്നും പ്രഖ്യാപിക്കണം
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന നടൻ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. തേനി ജില്ല കലക്ടറേറ്റിന് മുന്നിൽ അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകർ പൃഥ്വിയുടെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.
125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി പൃഥ്വിരാജ് ഉൾപ്പടെ നിരവധി മലയാളി സിനിമാ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. #DecommissionMullaperiyarDam എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു പൃഥ്വിയുടെ അഭിപ്രായപ്രകടനം.
വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാർഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി. എന്നായിരുന്നു പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.
സുപ്രീം കോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് പൃഥ്വി നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടർക്കും എസ് പിക്കും പരാതി നൽകിയെന്ന് സംഘടന ജില്ല സെക്രട്ടറി എസ് ആർ ചക്രവർത്തി അറിയിച്ചു.
പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്നും ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എം എൽ എയുമായ വേൽമുരുകനും ആവശ്യപ്പെട്ടു. ട്വിറ്ററിലും താരത്തിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. പൃഥ്വി യഥാർഥ മലയാളി ആണെങ്കിൽ ഇനി തമിഴ് സിനിമയിൽ അഭിനയിക്കില്ലെന്നും തമിഴ്നാട്ടിൽ കാലുകുത്തില്ലെന്നും പ്രഖ്യാപിക്കാനാണ് ഇവർ ആവശ്യപ്പെടുന്നത്.