ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; നാളത്തെ നെഹ്‌റു ട്രോഫി വള്ളംകളി യോഗം ബഹിഷ്കരിക്കാൻ കോൺഗ്രസും ലീഗും
ആലപ്പുഴ: നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം കോൺഗ്രസും മുസ്ലീം ലീഗും ബഹിഷ്കരിക്കും. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലപ്പുഴ കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് നെഹ്റു ട്രോഫി വള്ളംകളി യോഗം ബഹിഷ്കരിക്കുന്നത്. ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ ചെയർമാൻ. ശ്രീറാം ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗം കോൺഗ്രസും മുസ്ലീം ലീഗും ബഹിഷ്കരിക്കുകയാണ്. നാളെ വൈകിട്ട് നാലിന് ആലപ്പുഴ കളക്ടറേറ്റിലാണ് യോഗം. പ്രതിഷേധം ശക്തമായിരിക്കെയാണ് ആലപ്പുഴ കളക്ടറായി ശ്രീറാം ചുമതലയേറ്റത്. ഐഎഎസ് തലത്തിലെ അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്. ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.