മഹാത്മാ ഗാന്ധിയെ രാഖി സാവന്തുമായി താരതമ്യം ചെയ്തുള്ള വിവാദ പരാമർശം, യു പി സ്പീക്കർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

ബോളിവുഡിലെ ഐറ്റം ഡാൻസറും സെക്സ് സിംബലുമായി കരുതപ്പെടുന്ന രാഖി സാവന്തിനെയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും താരതമ്യം ചെയ്തുകൊണ്ട് വിവാദ പരാമർശം നടത്തിയ ഉത്തർപ്രദേശ് നിയമസഭാ സ്പീക്കർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം.

അല്പവസ്ത്രം ധരിച്ചാൽ ആരും വലിയ ആളാവില്ലെന്നും അങ്ങനെയെങ്കിൽ ബോളിവുഡ് നടി രാഖി സാവന്ത് മഹാത്മാ ഗാന്ധിയെക്കാൾ വലിയ ആളായി മാറുമായിരുന്നില്ലേ എന്നുമുള്ള യു പി സ്പീക്കറുടെ പരിഹാസമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതും വ്യാപകമായ പ്രതിഷേധങ്ങൾ ക്ഷണിച്ചു വരുത്തിയതും.

ഉന്നാവ് ജില്ലയിലെ ബംഗർമാവിൽ ബി ജെ പി സംഘടിപ്പിച്ച പ്രബുദ്ധ് വർഗ് സമ്മേളനത്തിലാണ് യു പി സ്പീക്കർ ഹൃദയ് നാരായൺ ദീക്ഷിത് വിവാദ പരാമർശം നടത്തിയത്. ഏതെങ്കിലും വിഷയത്തെപ്പറ്റി എന്തെങ്കിലും പുസ്തകം എഴുതി എന്നതുകൊണ്ട് ആരും ബുദ്ധിജീവി ആവില്ലെന്നും ബുദ്ധിജീവികളുടെ സമ്മേളനത്തിൽ സ്പീക്കർ പറഞ്ഞു. കുറഞ്ഞത് ആറായിരത്തോളം പുസ്തകങ്ങൾ താൻ വായിച്ചിട്ടുണ്ട്. ഗാന്ധിജി അല്പം മാത്രമേ വസ്ത്രം ധരിച്ചിരുന്നുള്ളൂ. മേൽവസ്ത്രം ധരിക്കാത്ത അദ്ദേഹം ഒരു ദോത്തി മാത്രമാണ് അണിഞ്ഞത്. രാജ്യം അദ്ദേഹത്തെ ബാപ്പു എന്നാണ് വിളിച്ചത്. വസ്ത്രത്തിൻ്റെ അളവ് കുറച്ചാൽ ആരെങ്കിലും വലിയ ആളായി മാറിയിരുന്നെങ്കിൽ രാഖി സാവന്ത് മഹാത്മാ ഗാന്ധിയെക്കാൾ മഹതിയായി മാറിയേനെ- വിവാദമായ പ്രസംഗത്തിൽ സ്പീക്കർ പറഞ്ഞു.

വീഡിയോ ക്ലിപ്പ് വൈറലായതോടെ വിശദീകരണവുമായി സ്പീക്കർ തന്നെ രംഗത്തുവന്നു. താൻ തെറ്റിദ്ധരിക്കപ്പെട്ടതാണ്. സമ്മേളനത്തിൽ തന്നെ ബുദ്ധിജീവി എന്ന് മോഡറേറ്റർ വിശേഷിപ്പിച്ചു. അപ്പോഴാണ് പുസ്തകം എഴുതിയതു കൊണ്ട് ആരും ബുദ്ധിജീവിയാകില്ല എന്ന് പറഞ്ഞത്. അതേപ്പറ്റി വിശദീകരിക്കുമ്പോഴാണ് ഗാന്ധിജിയെപ്പറ്റി പറഞ്ഞത്. ബാപ്പു അല്പവസ്ത്ര ധാരിയായിരുന്നു. അല്പ വസ്ത്രം ധരിച്ചതുകൊണ്ട് ആരും ബാപ്പുവിനോളം മഹത്വം ആർജിക്കുന്നില്ല എന്നാണ് താൻ ഉദ്ദേശിച്ചത്.

Related Posts