പിഎൻബി തട്ടിപ്പിൽ പ്രതിഷേധം; കോഴിക്കോട് കോര്‍പ്പറേഷനിൽ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കോർപ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും മേയർ അത് തള്ളി. ഇതിന് ശേഷവും സമരം തുടർന്ന 15 യു.ഡി.എഫ് കൗൺസിലർമാരെ മേയർ ബീന ഫിലിപ്പ് സസ്പെൻഡ് ചെയ്തു. തുടര്‍ന്ന് കൗണ്‍സിൽ യോഗം പിരിഞ്ഞു. ഇന്നത്തെ കോർപ്പറേഷൻ കൗൺസിൽ യോഗം ആരംഭിച്ചയുടൻ തന്നെ പിഎൻബി ബാങ്ക് തട്ടിപ്പ് കേസിൽ അടിയന്തരപ്രമേയത്തിന് അനുമതി തേടി കോൺഗ്രസ് അംഗം മൊയ്തീൻ കോയയും ബിജെപി അംഗം റിനീഷും നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് അക്കൗണ്ട് തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം കോഴിക്കോട് കോർപ്പറേഷന് തിരികെ ലഭിച്ചിട്ടുണ്ടെന്നും ഇനി ഈ തുകയുടെ പലിശ മാത്രമാണ് ലഭിക്കാനുള്ളതെന്നും മേയർ പറഞ്ഞു. ഈ പലിശ തുക നൽകാൻ ആവശ്യപ്പെട്ട് ബാങ്കിന് കത്തയച്ചിട്ടുണ്ടെന്നും പലിശ നൽകാമെന്ന് ബാങ്ക് ഉറപ്പ് തന്നിട്ടുണ്ടെന്നും മേയർ പറഞ്ഞു.  

Related Posts