വനിതാ ദിനത്തിൽ അടുക്കള ഉപകരണങ്ങൾ പ്രൊമോട്ട് ചെയ്യുന്ന പരസ്യം; പ്രതിഷേധം കനത്തപ്പോൾ മാപ്പ് പറഞ്ഞ് ഫ്ളിപ്കാർട്ട്
വനിതാ ദിനം ആഘോഷിക്കാൻ അടുക്കള ഉപകരണങ്ങൾ പ്രൊമോട്ട് ചെയ്ത ഫ്ളിപ്കാർട്ടിന് കനത്ത തിരിച്ചടി. 299 രൂപയ്ക്ക് കിച്ചൺ അപ്ലയൻസുകൾ ആദായ വിലയ്ക്ക് വിൽക്കുന്നതായി കാണിച്ച് ചെയ്ത പരസ്യമാണ് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്.
സ്ത്രീകളെ പരമ്പരാഗതമായ റോളുകളിൽ തളച്ചിടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം പിൻവലിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു. ആധുനിക കാലത്തും ജൻഡർ റോളുകൾ പഴയപടി നിലനിർത്തുന്നതിന്റെ സാംഗത്യമാണ് ചോദ്യം ചെയ്യപ്പെട്ടത്.
സ്ത്രീകൾ അടുക്കളയിൽ തളച്ചിടപ്പെടേണ്ടവരാണ് എന്ന സന്ദേശമാണ് ഫ്ളിപ്കാർട്ട് നൽകുന്നതെന്ന് പരാതികൾ ഉയർന്നു. അതോടെ പരസ്യം പിൻവലിച്ച് ഖേദപ്രകടനവുമായി കമ്പനി രംഗത്തെത്തുകയായിരുന്നു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും ഫ്ളിപ്കാർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.