ലോകമെമ്പാടും പ്രതിഷേധം; മാർച്ചുകൾ, പൊതുയോഗങ്ങൾ, തെരുവുകൾ നിറച്ച് യുദ്ധവിരുദ്ധ റാലികൾ
ഉക്രയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ ലോക ജനതയുടെ പ്രതിഷേധം തെരുവുകളിൽ. ഉപരോധങ്ങൾ പ്രഖ്യാപിച്ചും വ്യോമാതിർത്തികൾ അടച്ചും സ്വിഫ്റ്റ് പോലുള്ള ആഗോള സാമ്പത്തിക സംവിധാനങ്ങളിൽ നിന്ന് പുറത്താക്കിയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ നിലപാട് കടുപ്പിക്കുമ്പോൾ യുദ്ധവിരുദ്ധ സന്ദേശവുമായി ജനത തെരുവുകളിൽ ഇറങ്ങിക്കഴിഞ്ഞു. ഫൈറ്റർ ജെറ്റുകളും സാമ്പത്തിക സഹായങ്ങളും നൽകി ഭരണകൂടങ്ങൾ ഉക്രയ്നുള്ള പിന്തുണ ഉറപ്പാക്കുമ്പോൾ തെരുവുകളിൽ പതിനായിരങ്ങൾ അണിനിരക്കുന്ന യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്.
ബെർലിനിൽ ബ്രാൻഡൻബർഗ് ഗേറ്റിൽ നിന്ന് റഷ്യൻ എംബസിയിലേക്കും സോവിയറ്റ് യുദ്ധ സ്മാരകത്തിലേക്കും ഏകദേശം ഒരു ലക്ഷം പ്രതിഷേധക്കാരാണ് മാർച്ച് നടത്തിയത്. ഉക്രേനിയൻ, റഷ്യൻ വിഭാഗങ്ങൾക്ക് ശക്തമായ സാന്നിധ്യമുള്ള നഗരങ്ങളിൽ ഒന്നാണ് ബെർലിൻ. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലും ബ്രണോയിലും പതിനായിരങ്ങളാണ് പ്രകടനത്തിൽ അണിനിരന്നത്. ചെക്ക് ജനത ഒരുകാലത്ത് റഷ്യൻ അധിനിവേശം നേരിട്ട് അനുഭവിച്ചരാണ്. 1968-ൽ സോവിയറ്റ് നേതൃത്വത്തിലുള്ള സൈന്യം ചെക്കോസ്ലോവാക്യ ആക്രമിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ അധിനിവേശം അവസാനിച്ചത് 1991 ജൂണിലാണ്.
ടോക്കിയോയിൽ നടന്ന യുദ്ധവിരുദ്ധ റാലിയിൽ പതിനായിരങ്ങളാണ് പങ്കാളികളായത്. പ്രതിഷേധക്കാർ ഷിൻജുകു നഗരത്തിലൂടെ മാർച്ച് നടത്തി. യു എൻ രക്ഷാസമിതിയിൽ നിന്ന് റഷ്യയെ പുറത്താക്കണമെന്ന ആവശ്യമുയർത്തിക്കൊണ്ടായിരുന്നു പ്രകടനം. സിഡ്‌നിയിലെ പ്രതിഷേധക്കാർ ഉക്രേനിയൻ പതാകകൾ പുതച്ച് മഴയിലൂടെയാണ് മാർച്ച് നടത്തിയത്. ഇസ്താംബൂളിൽ രക്തം പുരണ്ട കൈമുദ്രകൾ പതിപ്പിച്ച പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രകടനക്കാർ റാലിയിൽ പങ്കെടുത്തത്.
ചിക്കാഗോ നഗരത്തിലുടനീളം റാലികളും പടുകൂറ്റൻ പ്രകടനങ്ങളും നടന്നു. അതിരൂപതയിൽ പ്രത്യേക യുദ്ധവിരുദ്ധ പ്രാർഥനകൾ നടന്നു. മേയർ ലോറി ലൈറ്റ്ഫൂട്ട് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. വാഷിങ്ടൺ ഡി സി യിൽ റഷ്യൻ എംബസിക്കും വൈറ്റ് ഹൗസിനും മുന്നിൽ ജനക്കൂട്ടം തടിച്ചുകൂടി.
അർജൻ്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തതായി ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രസീലിയ, സാൻ്റിയാഗോ, സാൻജോസ്, ജോർജ് ടൗൺ, ലിമ, പനാമ സിറ്റി എന്നിവിടങ്ങളിലും പ്രതിഷേധക്കാർ തടിച്ചുകൂടിയതായി റിപ്പോർട്ടുകളുണ്ട്.