വിമാനക്കമ്പനിക്കാരുടെ അനാസ്ഥ മൂലം യാത്ര തടസ്സപ്പെട്ടാൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥ
ന്യൂഡൽഹി: യാത്രക്കാരുടേത് ഒഴികെയുള്ള കാരണങ്ങളാൽ യാത്ര തടസ്സപ്പെട്ടാൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥ. ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് നിരക്കിന്‍റെ 75 % തിരികെ ലഭിക്കും. വിദേശ യാത്രയ്ക്ക് മൂന്ന് വിഭാഗങ്ങളിലായി തുക തിരികെ നൽകും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) നിർദേശം പുറപ്പെടുവിച്ചത്. വിമാനങ്ങൾ റദ്ദാക്കൽ, വിമാനങ്ങളുടെ കാലതാമസം തുടങ്ങിയ കാരണങ്ങളാൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ റിക്വയ്ർമെന്റിലാണ് ഡിജിസിഎ ഭേദഗതി വരുത്തിയത്. ഫെബ്രുവരി 15 മുതൽ പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരും. വിമാന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്. വിദേശ യാത്രകൾക്ക് 1,500 കിലോമീറ്ററോ അതിൽ താഴെയോ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് വിലയുടെ 30% ലഭിക്കും. 1,500- 3,500 കിലോമീറ്റർ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് ടിക്കറ്റ് നിരക്കിന്‍റെ 50% ലഭിക്കും. 3,500 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യുന്ന വിമാനങ്ങൾക്ക് നികുതി ഉൾപ്പെടെ ടിക്കറ്റിന്‍റെ 75% ലഭിക്കും.