ബൈക്കിനു മുകളിലേക്ക് മരം കടപുഴകി വീണ് ജന്മഭൂമി ലേഖകനും കേരള ജേർണ്ണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന പി ടി രാധാകൃഷ്ണ കുറുപ്പ് മരണപെട്ടു.
അടൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് അടൂരിലെ ജന്മഭൂമി ലേഖകനും കേരള ജേർണ്ണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പി ടി രാധാകൃഷ്ണകുറുപ്പ് മരണപെട്ടു. മേലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി ടി രാധാകൃഷ്ണകുറുപ്പ് (57) ആണ് മരിച്ചത്. സംസ്ക്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ട് വളപ്പിൽ ഇന്നലെ രാത്രി എട്ടുമണിയോടെ ചേന്നമ്പള്ളി ജംങ്ഷന് പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപം വച്ചാണ് അപകടമുണ്ടായത്. അടൂരില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു രാധാകൃഷ്ണകുറുപ്പ്. വഴിയരികിലെ വാകമരം കടപുഴകി ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ രാധാകൃഷ്ണന്റെ ഹെല്‍മറ്റ് തെറിച്ചു പോയിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: രാജലക്ഷ്മി. ലക്ഷ്മി, വിഷ്ണു, പാര്‍വതിഎന്നിവർ മക്കളാണ് . കേരള ജേർണ്ണലിസ്റ്റ് യൂണിയൻ പ്രസിഡണ്ട് അനിൽ ബിശ്വാസ്, മുൻ പ്രസിഡണ്ട് ബാബു തോമസ്, ട്രഷറർ ഇ എം ബാബു ഐ ജെ യു ദേശീയ സമിതിയംഗം ആഷിക് മണിയങ്കാട്ടിൽ, ജോസ് താടിക്കാരൻഎന്നിവർ അനുശോചിച്ചു.