കയ്പമംഗലത്തെ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും
കയ്പമംഗലം മണ്ഡലത്തിലെ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ തീരുമാനം. മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളില്‍ നടപ്പാക്കിവരുന്ന പൊതുമരാമത്ത് വകുപ്പ് തല ജോലികളുടെ നിര്‍മാണപ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
നിലവില്‍ കയ്പമംഗലം മണ്ഡലത്തിലെ ചാമക്കാല അഴീക്കോട് റോഡ്, മൂന്നുപീടിക റോഡ്, കാടും കാടലും പദ്ധതി റോഡ് തുടങ്ങി മണ്ഡലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. കയ്പമംഗലം പഞ്ചായത്തിലെ വഴിയമ്പലം ഐരൂര്‍ റോഡ് ഒഴികെ എല്ലാ ജോലികളും കരാര്‍ സമയത്ത് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയും. ഏറ്റെടുത്ത റോഡുകള്‍ പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം എല്‍ എ ഓഫീസില്‍ നടന്ന യോഗത്തില്‍ ആര്‍ ബി ഡി സി കെ മാനേജര്‍ അജ്മല്‍ഷാ എ, പി ഡബ്ല്യൂ ഡി കൊടുങ്ങല്ലൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ദീപക് പി എസ്, പി ഡബ്ല്യുഡി റോഡ്‌സ് വലപ്പാട് അസിസ്റ്റന്റ് എന്‍ജിനീയര്‍ സിജി കെ ജെ, എന്‍ എച്ച് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സജീറ ബീഗം എം എം, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.