കൊവിഡ് ബാധിതരിൽ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ പോലും ബ്ലഡ് സാച്ചുറേഷന്റെ അളവ് ക്രമാതീതമായി താഴേക്ക് പോകുകയും, അവർക്ക് നിശ്ചിതസമയത്തിനുള്ളിൽ വെന്റിലേഷൻ അടക്കമുള്ള പരിചരണം ലഭിക്കാത്തതുമാണ് മരണ സാധ്യത വർദ്ധിപ്പിക്കുന്നത്.
'പൾസ് ഓക്സിമീറ്റർ' അറിയേണ്ട കാര്യങ്ങൾ .
കൊവിഡ് അതിരൂക്ഷമായ ഈ കാലഘട്ടത്തിൽ വ്യാപകമായി ഉയർന്നു കേൾക്കുന്ന ഒരു പേരാണ് പൾസ് ഓക്സിമീറ്റർ. ഇത് രക്തത്തിലെ ഓക്സിജന്റെ അളവും, ഹൃദയ മിടിപ്പും അറിയുന്നതിനുള്ള ഉപകരണമാണ്. കോവിഡ് ബാധിച്ചവരിൽ ഒരു മുൻകരുതലായി ഇതിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
കൊവിഡ് ബാധിതരിൽ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ പോലും ബ്ലഡ് സാച്ചുറേഷന്റെ അളവ് ക്രമാതീതമായി താഴേക്ക് പോകുകയും, അവർക്ക് നിശ്ചിതസമയത്തിനുള്ളിൽ വെന്റിലേഷൻ അടക്കമുള്ള പരിചരണം ലഭിക്കാത്തതുമാണ് മരണ സാധ്യത വർദ്ധിപ്പിക്കുന്നത്. സാധാരണയായി ആരോഗ്യമുള്ള ഒരു വ്യക്തിക്ക് 95% ന് മുകളിലായിരിക്കും ഓക്സിജൻ സാച്ചുറേഷൻ. എന്നാൽ ഇത് 95% ൽ കുറയുന്നത് അത്ര ശുഭകരമല്ല.
നിങ്ങൾക്ക് കൊവിഡ് ബാധിക്കുകയും, കടുത്ത പനി, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുകയും ചെയ്യുകയാണെങ്കിൽ ഒരു പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് റീഡിങ് ദിവസത്തിൽ രണ്ടോ മൂന്നോ തവണയെങ്കിലും മോണിറ്റർ ചെയ്യുക. 97% നും 99% നും ഇടയിലാണ് റീഡിങ്ങെങ്കിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ഇത് 95 % ലും താഴെ പോവുകയാണെങ്കിൽ ഒരു ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ്.
ഒരു വാക്കിംഗ് ടെസ്റ്റിലൂടെ ഓക്സിജൻ സാച്ചുറേഷൻ നിങ്ങൾക്ക് മനസ്സിലാക്കാം. ആറു മിനിറ്റോ, അതിനു സാധിക്കാത്തവർ ചുരുങ്ങിയത് മൂന്ന് മിനിറ്റോ നടക്കുക. നടക്കുന്നതിനു മുൻപും നടന്നതിനു ശേഷവും പൾസ് ഓക്സിമീറ്ററിലെ റീഡിങ് പരിശോധിക്കുക. പ്രസ്തുത റീഡിങ് 3 മുതൽ 5 ശതമാനം വരെയോ, അതിൽ കൂടുതലോ കുറയുന്നുണ്ടെങ്കിൽ പെട്ടെന്നുതന്നെ നിങ്ങൾ ആശുപത്രിയിലേക്കോ, കാഷ്വാലിറ്റിയിലേക്കോ എത്തിച്ചേരുക.
വിപണിയിൽ ഇന്ന് പൾസ് ഓക്സിമീറ്ററുകൾ ലഭ്യമാണ്. ആവശ്യക്കാർ ഏറുന്നത് കൊണ്ട് പലരും ഉയർന്ന വില ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഗുണനിലവാരമില്ലാത്ത പൾസ് ഓക്സിമീറ്റർ വാങ്ങി വഞ്ചിതരാകാതെ, ഗുണനിലവാരമുള്ള കമ്പനിയുടെ ഉല്പന്നം ആണെന്ന് ഉറപ്പു വരുത്തി സർക്കാർ നിശ്ചയിച്ച തുകക്ക് മേൽ കൊടുക്കാതെ , ഏതെങ്കിലും റെപ്യൂട്ടഡ് മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സിനെ സമീപിച്ച് മികച്ചതാണെന്ന് ഉറപ്പ് വരുത്തി മാത്രം വാങ്ങുക .
ബിജു കൃഷ്ണൻകുട്ടി.