ഉരുളക്കിഴങ്ങല്ല, മത്തങ്ങ; ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട ദമ്പതികൾക്ക് തിരിച്ചടി

ലോകത്തിലെ ഏറ്റവും ഭാരമേറിയ ഉരുളക്കിഴങ്ങിനുള്ള ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട ദമ്പതികൾക്ക് തിരിച്ചടി. അത് ഉരുളക്കിഴങ്ങല്ല, മത്തങ്ങയാണെന്നാണ് ഗിന്നസുകാർ പറയുന്നത്.

ന്യൂസിലൻഡിൽ നിന്നുള്ള കോളിൻ ക്രെയ്ഗ് ബ്രൗണും ഭാര്യ ഡോണയും കഴിഞ്ഞ ആഗസ്റ്റിലാണ് തങ്ങളുടെ ഫാമിൽനിന്ന് കുഴിച്ചെടുത്ത 7.8 കിലോ ഭാരമുള്ള ഉരുളക്കിഴങ്ങിന് ലോക റെക്കോഡ് കിട്ടാൻ ഗിന്നസ് വേൾഡ് ഫൗണ്ടേഷനെ സമീപിച്ചത്. എന്നാൽ കുക്കുർബിറ്റേസി കുടുംബത്തിലെ ഒരിനം മത്തങ്ങയുടെ കിഴങ്ങാണ് ദമ്പതികൾ സമർപിച്ചതെന്ന് ശാസ്ത്രീയ പഠനത്തിൽ തിരിച്ചറിഞ്ഞതായി ഗിന്നസുകാർ അറിയിച്ചു. നിലവിൽ ഗിന്നസ് റെക്കോഡുള്ള ഉരുളക്കിഴങ്ങിൻ്റെ ഭാരം 5 കിലോഗ്രാമാണ്.

"ഡഗ് " എന്നാണ് ഉരുളക്കിഴങ്ങിന് ദമ്പതികൾ ഇട്ടിരിക്കുന്ന പേര്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രം പ്രചരിച്ചതോടെ ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ ഭീമൻ പൊട്ടറ്റൊ പിടിച്ചുപറ്റിയിരുന്നു. ഗിന്നസുകാർ റെക്കോഡ് നിഷേധിച്ചിട്ടും പൊട്ടറ്റൊ തന്നെയാണ് തങ്ങളുടെ ഫാമിൽ ഉണ്ടായത് എന്നാണ് ദമ്പതികളുടെ അവകാശവാദം. മത്തങ്ങയോ ചുരയ്ക്കയോ അല്ല. തങ്ങളുടെ ഡഗ് കാഴ്ചയിലും രുചിയിലും ഉരുളക്കിഴങ്ങ് തന്നെയാണ്.

Related Posts