തീരദേശവാസികൾക്ക് സുരക്ഷിത ഭവനങ്ങൾ

പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ പൂർത്തീകരിച്ച 53 ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ് ഒക്ടോബർ 16ന്

കടലേറ്റഭീഷണിയും വെള്ളപ്പൊക്കവും ഭയക്കാതെ തീരദേശവാസികൾക്ക് ഇനി സുരക്ഷിത ഭവനങ്ങളിൽ അന്തിയുറങ്ങാം. തീരദേശമേഖലയിലെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ ജനവിഭാഗത്തെയും പുനരധിവസിപ്പിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പുനർഗേഹം പദ്ധതി വഴിയാണ് സുരക്ഷിത ഭവനങ്ങൾ ഒരുങ്ങിയത്. തൃശൂരിൽ പദ്ധതി മുഖേന 93 ഗുണഭോക്താക്കൾക്കാണ് ഭവനങ്ങൾ ലഭിച്ചത്. അതിൽ 53 ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ് ഒക്ടോബർ 16ന് നടക്കും. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള 1398 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതമായ 1052 കോടി രൂപയും ഉൾപ്പെടെ 2450 കോടി രൂപയാണ് പുനർഗേഹം പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. കടൽക്ഷോഭം നേരിടുന്ന പ്രദേശവാസികൾക്ക് വ്യക്തിഗത ഭവനങ്ങൾക്കുള്ള സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിനും വീടും സ്ഥലവും ഒരുമിച്ച് വാങ്ങുന്നതിനുമായി 10 ലക്ഷം രൂപ ധനസഹായം പുനർഗേഹം പദ്ധതി വഴി നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഭവന നിർമാണം പൂർത്തീകരിച്ച 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും താക്കോൽദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 16ന് വൈകുന്നേരം നാലുമണിക്ക് ഓൺലൈനായി നിർവഹിക്കും. 

തൃശൂർ ജില്ലയിൽ പുനർഗേഹം പദ്ധതി വഴി പുനരധിവസിപ്പിക്കുന്നതിനുള്ള സർവ്വേ ലിസ്റ്റിൽ ഉൾപ്പെട്ട 939 ഗുണഭോക്താക്കളാണ് നിലവിലുള്ളത്. ഇതിൽ 435 കുടുംബങ്ങളാണ് മാറിതാമസിക്കാൻ സമ്മതം അറിയിച്ചത്. 235 ഗുണഭോക്താക്കൾ സ്വന്തം നിലയിൽ കണ്ടെത്തിയ ഭൂമി വില നിശ്ചയിക്കുകയും ഇതിൽ 196 പേരുടെ ഭൂരജിസ്ട്രേഷൻ പൂർത്തീകരിക്കുകയും ചെയ്തു. ജില്ലയിൽ 93 ഗുണഭോക്താക്കളുടെ ഭവന നിർമാണം പൂർത്തീകരിച്ചു. ബാക്കിയുള്ള 103 ഗുണഭോക്താക്കളുടെ ഭവന നിർമാണം പുരോഗമിക്കുകയാണ്. ജില്ലയിൽ ഇതുവരെ പുനർഗേഹം പദ്ധതിക്കായി 1643 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ 316 ഗുണഭോക്താക്കളാണ് മാറിതാമസിക്കാൻ തയ്യാറായിട്ടുള്ളത്. ഇതിൽ 193 പേരുടെ ഭൂമി വില നിശ്ചയിക്കുകയും 154 പേരുടെ ഭൂരജിസ്ട്രേഷൻ പൂർത്തീകരിക്കുകയും ചെയ്തു. 83 ഗുണഭോക്താക്കളുടെ ഭവന നിർമാണം പൂർത്തീകരിച്ചു. മണലൂർ നിയോജക മണ്ഡലത്തിൽ പദ്ധതിപ്രകാരം മാറിതാമസിക്കാൻ തയ്യാറായിട്ടുള്ള 39 ഗുണഭോക്താക്കളിൽ 18 പേരുടെ ഭൂമി വില നിശ്ചയിക്കുകയും രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പദ്ധതിപ്രകാരം മാറിതാമസിക്കാൻ തയ്യാറായിട്ടുള്ള 80 പേരിൽ 24 ഗുണഭോക്താക്കളുടെ ഭൂവില നിശ്ചയിക്കുകയും ഭൂരജിസ്ട്രേഷൻ പൂർത്തീകരിക്കുകയും ചെയ്തു. 5 പേരുടെ ഭവനനിർമാണമാണ് കഴിഞ്ഞിട്ടുള്ളത്. 

നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ ഭവന നിർമാണം പൂർത്തീകരിച്ച 43 ഗുണഭോക്താക്കളുടെയും മണലൂർ, ഗുരുവായൂർ നിയോജക മണ്ഡലങ്ങളിലെ അഞ്ച് വീതം ഗുണഭോക്താക്കളുടെയും താക്കോൽദാന ചടങ്ങാണ് നടക്കുന്നത്. സെപ്റ്റംബർ 16ന് മണലൂരിൽ മുരളി പെരുനെല്ലി എംഎൽഎയുടേയും ഗുരുവായൂരിൽ എൻ കെ അക്ബർ എംഎൽഎയുടെയും അധ്യക്ഷതയിലാണ് ചടങ്ങുകൾ നടക്കുക. 

Related Posts