പുനീതിന്റെ അവസാന ചിത്രം 'ജെയിംസ്' എത്തുന്നത് സോളോയായി ; പുതിയ സിനിമകളുടെ റിലീസ് ഒരാഴ്ചത്തേക്ക് മാറ്റി
കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് റിലീസിന് ഒരുങ്ങുകയാണ്. അദ്ദേഹത്തിന്റെ വിയോഗം തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഇന്നും തീരാവേദനയാണ്. പുനീതിന്റെ ജന്മദിനമായ മാർച്ച് 17നാണ് ചിത്രം തിയറ്ററിൽ എത്തുക. ആക്ഷൻ ചിത്രമായി ഒരുക്കുന്ന ജെയിംസിലെ പോസ്റ്ററും ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 46ക്കാരനായ പുനീതിന്റെ അപ്രതീക്ഷിത മരണം തെന്നിന്ത്യൻ സിനിമ ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. സൂപ്പർതാരത്തിനുള്ള ആദരമായി സോളോ ചിത്രമായി റിലീസ് ചെയ്യാനാണ് കന്നഡ സിനിമാലോകം ഒരുങ്ങുന്നത്.
ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആർ മാർച്ച് 18 നാണ് നേരത്തെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് മാർച്ച് 25ലേക്ക് മാറ്റിയിരുന്നു. പുനീത് ചിത്രത്തിന്റെ സോളോ റിലീസിന് തടസമാവാതിരിക്കാനും അദ്ദേഹത്തോടുള്ള ആദരസൂചകമായുമാണ് ഈ തീരുമാനം എന്നാണ് അഭ്യൂഹം.
പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകർ മുഖർജി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പുനീതിന്റെ സഹോദരൻമാരായ രാഘവേന്ദ്ര രാജ്കുമാറും ശിവരാജ്കുമാറും ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കുന്നതിനു മുൻപായിരുന്നു പുനീതിന്റെ വിയോഗം. അതിനാൽ ചിത്രത്തിൽ പുനീതിനായി ശബ്ദം നൽകിയിരിക്കുന്നതും ശിവരാജ് കുമാറാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ 29നായിരുന്നു ഹൃദയാഘാത്തെ തുടർന്നുള്ള പുനീതിന്റെ അപ്രതീക്ഷിത വിയോഗം.