സോഷ്യൽ മീഡിയയിൽ തരംഗമായി 'പുഷ്പ', പതിമൂന്ന് ദശലക്ഷം ഫോളോവേഴ്സുമായി അല്ലു അർജുന് ഇൻസ്റ്റഗ്രാം റെക്കോഡ്

ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ഇൻസ്റ്റഗ്രാം അനുയായികളുള്ള സിനിമാ നടനായി തെലുഗ് സൂപ്പർ താരം അല്ലു അർജുൻ. 13 ദശലക്ഷം ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്. 12.9 മില്യൺ ഫോളോവേഴ്സുള്ള വിജയ് ദേവരകൊണ്ടയാണ് രണ്ടാം സ്ഥാനത്ത്.

പൃഥ്വിരാജിന് 4 മില്യണും, മോഹൻലാലിന് 3.9 മില്യണും, മമ്മൂട്ടിക്ക് 2.7 മില്യണുംഫോളോവേഴ്സുണ്ട്. തമിഴ് താരം വിജയ് സേതുപതിയെ 4.3 മില്യൺ പേർ പിന്തുടരുമ്പോൾ സൂര്യയെ 3.2 ദശലക്ഷം പേരാണ് പിന്തുടരുന്നത്. മഞ്ജുവാര്യരുടെ ഫോളോവേഴ്സിൻ്റെ എണ്ണം 2.1 മില്യണാണ്.

ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന 'പുഷ്പ' യാണ് അല്ലുവിൻ്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ദക്ഷിണേന്ത്യയിൽ ഉടനീളം ആരാധകരുള്ള അല്ലു അർജുൻ്റെ നായക വേഷവും മലയാളത്തിലും തമിഴിലും പ്രിയങ്കരനായ ഫഹദിൻ്റെ വില്ലൻ വേഷവും സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പയാണ് താരത്തെ ഇൻസ്റ്റഗ്രാം റെക്കോഡിലേക്ക് എത്തിച്ചതെന്ന് പറയപ്പെടുന്നു.

ആന്ധ്രാപ്രദേശിലെ റായൽസീമാ മേഖലയിലെ രക്തചന്ദന കളളക്കടത്ത് പ്രമേയമായ ചിത്രത്തിൽ ബൻവർ സിങ് ഷെഖാവത് എന്ന ഐ പി എസ് ഓഫീസറായാണ് ഫഹദ് ഫാസിൽ വേഷമിടുന്നത്. രശ്മിക മന്ദാന നായികാ വേഷത്തിലെത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ് ഉൾപ്പെടെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 'ആര്യ' എന്ന ചിത്രത്തിലൂടെ അല്ലുവിനെ മാസ് താരമാക്കിയ സുകുമാർ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. മലയാളത്തിൽ ഉൾപ്പെടെ നാല് ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്.

കൊവിഡ് പ്രതിസന്ധി കാരണം പലവട്ടം റിലീസിങ്ങ് തീയതി മാറ്റിവെച്ച ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും എന്നാണ് പുതിയ റിപ്പോർട്ടുകൾ. കന്നി തെലുഗ് ചിത്രത്തിലെ ഫഹദിൻ്റെ വില്ലൻ മെയ്ക്ക് ഓവർ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചാ വിഷയമാണ്.

Related Posts