പുതിന് തായ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് നഷ്ടമായി
റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിന് തായ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് നഷ്ടമായി. ട്വിറ്ററിലൂടെ വേൾഡ് തായ്‌ക്വോണ്ടോ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഉക്രയ്നെതിരെ പ്രകോപന രഹിതമായ ആക്രമണം നടത്തിയതിനാണ് റഷ്യൻ പ്രസിഡണ്ടിൻ്റെ ഓണററി ബ്ലാക്ക് ബെൽറ്റ് ഫെഡറേഷൻ തിരിച്ചെടുത്തത്.
ഉക്രയ്‌നിലെ നിരപരാധികളുടെ ജീവനുനേരെയുണ്ടായ അതിക്രൂരമായ ആക്രമണങ്ങളെ വേൾഡ് തായ്‌ക്വോണ്ടോ ശക്തമായി അപലപിക്കുന്നതായി സ്‌പോർട്‌സ് ഗവേണിങ്ങ് ബോഡി പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
"വിജയത്തേക്കാൾ വിലയേറിയതാണ് സമാധാനം" എന്ന തായ്‌ക്വോണ്ടോ ദർശനത്തിനും, ആദരവിൻ്റേയും സഹിഷ്ണുതയുടേയും തായ്‌ക്വോണ്ടോ മൂല്യങ്ങൾക്കും വിരുദ്ധമായ കാര്യങ്ങളാണ് പുതിൻ ചെയ്തതെന്നും ട്വീറ്റിൽ പറയുന്നു.
2013 നവംബറിലാണ് ലോക തായ്‌ക്വോണ്ടോ ഫെഡറേഷൻ റഷ്യൻ പ്രസിഡണ്ടിന് തായ്ക്വോണ്ടോ നയൻത് ഡാൻ ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ചത്.