ഖത്തർ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നവർക്ക് പെന്‍ഷന്‍ തുക വര്‍ധിപ്പിച്ച്

ഖത്തറില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഖത്തരികള്‍ക്കുള്ള പെന്‍ഷന്‍ തുക 15000 റിയാലായ് വര്‍ധിപ്പിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഉത്തരവ് ഇറക്കിയത്. സാമൂഹ്യ ഇന്‍ഷുറന്‍സ്, സൈനിക വിരമിക്കല്‍ നിയമങ്ങളുടെ ഭാഗമായാണ് പെന്‍ഷന്‍ തുക കൂട്ടിയത്. പെന്‍ഷന് പുറമേ 6000 റിയാല്‍ വരെ ഹൗസിങ്‌ അലവന്‍സായി നല്‍കും, ഒരു ലക്ഷം റിയാല്‍ വരെ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കാണ് ഹൗസിങ്‌ അലവന്‍സ് ലഭിക്കുക. 25 വര്‍ഷമാണ് പെന്‍ഷന്‍ ലഭിക്കാനുള്ള സര്‍വീസ് കാലാവധി. 30 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരാണെങ്കില്‍ അവര്‍ക്ക് പെന്‍ഷനും അലവന്‍സിനുമൊപ്പം ബോണസ് കൂടി നല്‍കും. സ്ത്രീകള്‍ കുട്ടികളുടെ സംരക്ഷണത്തിനായി 20 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കി വിരമിച്ചാല്‍ മുഴുവന്‍ പെന്‍ഷനും നല്‍കണമെന്ന് നിയമം പറയുന്നു.

സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ഖത്തരി പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍ സംബന്ധിച്ച സാമൂഹ്യ ഇന്‍ഷുറന്‍സ് നിയമവും പുറത്തിറക്കിയിട്ടുണ്ട്. സ്വകാര്യമേഖലയില്‍ അവസാന മൂന്ന് വര്‍ഷം വാങ്ങിയ ശമ്പളത്തിന്‍റെ ശരാശരി പരിഗണിച്ചാവും കണക്കാക്കുക. നേരത്തെ ഇത് അവസാന അഞ്ച് വര്‍ഷത്തെ ശമ്പളം നോക്കിയായിരുന്നു കണക്കാക്കിയിരുന്നത്. സര്‍വീസിലിരിക്കെ ജീവനക്കാരന്‍ മരിച്ചാല്‍ ഖത്തരിയല്ലാത്ത മക്കള്‍, ഭാര്യ , മാതാപിതാക്കള്‍,സഹോദരങ്ങള്‍ എന്നിവരും ആനൂകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കും.

Related Posts