എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്തംബർ 19ന്

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്റ്റംബർ 19 ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. നാല് ദിവസം പൊതുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സൗകര്യമേര്‍പ്പെടുത്തും. എലിസബത്ത് രാജ്ഞി രണ്ടാമന്‍റെ മൃതദേഹം ഇപ്പോൾ ബാൽമോറൽ കാസിലിലെ ബാൾറൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. രാജ്ഞിയുടെ ഭൗതികശരീരം റോഡ് മാർഗം ഞായറാഴ്ച എഡിൻബർഗിലെ ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലേക്ക് കൊണ്ടുപോകുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. ഭൗതികശരീരം ചൊവ്വാഴ്ച വരെ സ്‌കോട്ടിഷ് തലസ്ഥാനത്ത് സൂക്ഷിക്കുന്നതിനായി ഹോളിറൂഡ്ഹൗസ് കൊട്ടാരത്തില്‍ നിന്ന് സെന്റ് ഗൈല്‍സ് കത്തീഡ്രലിലേക്ക് കൊണ്ടുപോകും. തുടർന്ന് ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് വിമാനമാര്‍ഗം എത്തിക്കും. എലിസബത്ത് രാജ്ഞി രണ്ടാമൻ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് തന്റെ 96ാം വയസിലാണ് അന്തരിച്ചത്. രാജ്ഞിയുടെ മരണം രാജകുടുംബം തന്നെയാണ് സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രണ്ടാമൻ 1952 ഫെബ്രുവരി 6ന് പിതാവ് ജോർജ്ജ് ആറാമന്‍റെ മരണത്തെ തുടർന്നാണ് അധികാരത്തിൽ വന്നത്.

Related Posts