ഇന്‍സ്റ്റഗ്രാമിലെ രാജ്ഞി; ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വനിതയായി സെലീന ഗോമസ്
കാലിഫോര്‍ണിയ: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വനിതയായി ഗായിക സെലീന ഗോമസ്. 400 മില്യൺ ഫോളോവേഴ്സാണ് സെലീനയ്ക്കുള്ളത്. 30 കാരിയായ കൈലി ജെന്നറെ മറികടന്നാണ് സെലീന ഒന്നാം സ്ഥാനത്ത് എത്തിയത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ശേഷം ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയായി സെലീന മാറി. ഫോളോവേഴ്സിനെ ആലിംഗനം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന കുറിപ്പിനൊപ്പം ചിത്രങ്ങളും സെലീന ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 563 മില്യൺ ഫോളോവേഴ്സുള്ള റൊണാൾഡോയും 443 മില്യൺ ഫോളോവേഴ്സുള്ള മെസ്സിയുമാണ് നിലവിൽ സെലീനയെക്കാൾ മുന്നിലുള്ളത്. 'ഇൻസ്റ്റാഗ്രാമിന്‍റെ രാജ്ഞി' എന്ന അടിക്കുറിപ്പോടെയാണ് സെലീനയുടെ ആരാധകർ ഈ വാർത്ത ആഘോഷിക്കുന്നത്. "ഒരിക്കൽ രാജ്ഞിയായിക്കഴിഞ്ഞാൽ എല്ലായ്പ്പോഴും രാജ്ഞിയായിരിക്കും," എന്നാണ് മറ്റൊരു ആരാധകന്റെ കമൻ്റ്. അരിയാന ഗ്രാൻഡെ (361 ദശലക്ഷം), കിം കർദാഷിയാൻ (349 ദശലക്ഷം), ക്ലോ കർദാഷിയാൻ (298 ദശലക്ഷം), ബിയോൺസ് (301 ദശലക്ഷം) എന്നിവരാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മറ്റ് സെലിബ്രിറ്റികൾ. ഇൻസ്റ്റഗ്രാം സെലിബ്രിറ്റികളുടെ ആദ്യ 10 പട്ടികയിൽ ഇവരും ഉൾപ്പെടുന്നു.