ബാങ്ക് തകർച്ചയെ പറ്റി ചോദ്യം; പ്രതികരിക്കാതെ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി ബൈഡൻ

വാഷിങ്ടൻ: സിലിക്കൺ വാലി ബാങ്കിന്‍റെ (എസ്‌വിബി) തകർച്ചയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പത്രസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബൈഡനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. സുസ്ഥിരമായ ബാങ്കിംഗ് സംവിധാനവും യുഎസിന്‍റെ ചരിത്രപരമായ സാമ്പത്തിക സ്ഥിരതയും നിലനിർത്തുമെന്ന് തിങ്കളാഴ്ച വൈറ്റ് ഹൗസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതിന് തൊട്ടുപിന്നാലെ ഒരു പത്രപ്രവർത്തകൻ ഇടപെട്ടതിനെ തുടർന്നാണ് ബൈഡൻ ഇറങ്ങിപ്പോയത്. "പ്രസിഡന്‍റ്, എന്തുകൊണ്ടാണ് ഈ തകർച്ച സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? ഇത് വീണ്ടും സംഭവിക്കില്ലെന്ന് നിങ്ങൾക്ക് അമേരിക്കക്കാർക്ക് ഉറപ്പ് നൽകാൻ കഴിയുമോ?" എന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചു. ബൈഡൻ ഒന്നും മിണ്ടാതെ പിന്തിരിഞ്ഞു നടക്കുകയായിരുന്നു. വൈറ്റ് ഹൗസിന്‍റെ യൂട്യൂബ് ചാനലിൽ ഇതുവരെ 4 ദശലക്ഷത്തിലധികം ആളുകളാണ് ബൈഡന്‍റെ വീഡിയോ കണ്ടത്. വീഡിയോയുടെ കമന്‍റ് വിഭാഗം ഓഫ് ചെയ്തതിനെ തുടർന്ന് ട്വിറ്ററിൽ ഉൾപ്പെടെ വ്യാപക വിമർശനം ഉയർന്നു. ഇതാദ്യമായല്ല ജോ ബൈഡൻ മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് പത്രസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നത്. ചൈനീസ് ചാര ബലൂൺ വിഷയത്തിൽ വാർത്താ സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിൽ അസ്വസ്ഥനായ ബൈഡൻ "എനിക്ക് ഒരു ഇടവേള ആവശ്യമാണ്" എന്ന് പറഞ്ഞ ശേഷം മുറി വിട്ടിരുന്നു. കൊളംബിയൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ബൈഡനോട് ചോദ്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു കാണിക്കുന്ന വിഡിയോയും വൈറലായിരുന്നു.

Related Posts