'ഖുറേഷി അബ്രഹാം' എത്തുന്നു; എമ്പുരാന്റെ ഷൂട്ടിങ് ഓഗസ്റ്റിലെന്ന് റിപ്പോർട്ടുകൾ
മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാൻ'. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണിത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ അത്യുഗ്രൻ പ്രകടനം കാഴ്ച വച്ച 'ലൂസിഫർ' മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിക്കാറുണ്ട്. ഇപ്പോൾ എമ്പുരാന്‍റെ ഷൂട്ടിങ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റിൽ എമ്പുരാന്റെ ഷൂട്ടിങ് ആരംഭിക്കും. ആറ് മാസത്തോളമായി നീണ്ട ലൊക്കേഷൻ ഹണ്ട് യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചതായും വിവരമുണ്ട്. 2023 പകുതിയോടെ എമ്പുരാന്‍റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരങ്ങൾ. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ഷൂട്ടിങും ആസൂത്രണം ചെയ്യുന്നുവെന്നും സൂചനയുണ്ട്. ലൂസിഫറിലെപ്പോലെ മഞ്ജു വാര്യരും ടൊവിനോ തോമസും എമ്പുരാനിലും അഭിനയിക്കും. ലൂസിഫറിന്‍റെ ക്ലൈമാക്സിന് പുറമെ ഖുറേഷി എബ്രഹാമായി മോഹൻലാൽ എത്തിയ രംഗമായിരുന്നു പ്രേക്ഷകരെ ഹരം കൊള്ളിച്ചത്. രണ്ടാം ഭാഗത്തിൽ മോഹൻലാൽ ഈ വേഷത്തിലാകും എത്തുക എന്നാണ് ഇതുവരെ കിട്ടിയ റിപ്പോർട്ട്.