അധികാരത്തേക്കാൾ വലുത് ആദർശമാണെന്ന് ആർ ശങ്കർ തെളിയിച്ചു; വി എം സുധീരൻ
തിരുവനന്തപുരം: അധികാരത്തേക്കാൾ വലുത് താൻ ഉയർത്തിപിടിക്കുന്ന ആദർശമാണെന്ന് തെളിയിച്ച മഹാനായ നേതാവാണ് ആർ ശങ്കർ എന്ന് കെ പി സി സി മുൻ പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. ആർ ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ പ്രസിഡന്റ് അഡ്വ. റ്റി ശരത്ചന്ദ്ര പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആർ ശങ്കറിന്റെ 49-ാം ചരമവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം പാളയം ആർ ശങ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം ആർ ശങ്കർ അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നിലപാടുകളിൽ ചെറിയ മാറ്റം വരുത്തി ഒത്തുതീർപ്പിന് തയ്യാറായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയായി തുടരാൻ കഴിയുന്ന സാഹചര്യം ഉണ്ടായപ്പോൾ അധികാരത്തേക്കാൾ വലുതാണ് എന്റെ നിലപാടുകൾ എന്ന് നിയമസഭയിൽ തുറന്നുപറഞ്ഞുകൊണ്ട് അവിശ്വാസ പ്രമേയത്തെ നേരിട്ട നട്ടെല്ലുള്ള മുഖ്യമന്ത്രിയായിരുന്നു ആർ ശങ്കർ. അധികാരം ജനങ്ങൾക്കു വേണ്ടിയുള്ളതാണ് എന്ന നിലപാടിൽ ഊന്നിനിന്നു കൊണ്ടാണ് അദ്ദേഹം കേരളത്തിൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ കാര്യത്തിലും ധനവിനിയോഗ പ്രക്രിയയിലും അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയതാണെന്നും വി എം സുധീരൻ ഓർമ്മപ്പെടുത്തി. കവി പൂവത്തൂർ സദാശിവന്റെ ആശാൻ കവിതകളുടെ ആലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
കെ പി സി സി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായിരുന്ന ആർ ശങ്കറിന്റെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് ആർ ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള നടപ്പിലാക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കർമ്മ പദ്ധതികളുടെ പ്രഖ്യാപനവും ബ്രോഷർ പ്രകാശനവും വി എം സുധീരൻ നിർവ്വഹിച്ചു. മുൻ സ്പീക്കറും കെ പി സി സി വൈസ് പ്രസിഡണ്ടുമായ എൻ ശക്തൻ ബ്രോഷർ ഏറ്റുവാങ്ങി. പതിനാല് ജില്ലകളിലും ആർ ശങ്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ നടന്നു. കെ പി സി സി ഭാരവാഹികളായ അഡ്വ. സുബോധൻ, അഡ്വ. പ്രതാപചന്ദ്രൻ, ഡി സി സി പ്രസിഡന്റ് പാലോട് രവി, എം വിൻസന്റ്. എം എൽ എ, ഡോ. എം ആർ തമ്പാൻ, ശാസ്തമംഗലം മോഹനൻ, ആനാട് ജയൻ, കോട്ടാത്തല മോഹനൻ, ചാല സുധാകരൻ, ആർ ഹരികുമാർ, തൈക്കാട് ശ്രീകണ്ഠൻ, കടകംപള്ളി ഹരിദാസ്, കൃഷ്ണപ്രസാദ്, ചെമ്പഴന്തി അനിൽ, കൃഷ്ണകുമാർ, സേവ്യർ ലോപ്പസ്, വഞ്ചിയൂർ രാധാകൃഷ്ണൻ, ചാറാച്ചിറ രാജീവ്, ആർ ശങ്കർ ഫൗണ്ടേഷൻ ഭാരവാഹികളായ അഡ്വ. കുന്നുകുഴി സുരേഷ്, അഡ്വ. അമൃതലാൽ, അഡ്വ. അജിത്ത്, ഡി അനിൽകുമാർ, ഭുവനചന്ദ്രൻ നായർ, ടി പി പ്രസാദ്, പി ഋഷികേശ്, വലിയതുറ ഗിരീഷൻ, കൊഞ്ചിറവിള വിനോദ്, സജി സി, പാച്ചല്ലൂർ പ്രസന്നൻ, കുന്നുപുറം വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.