രാധേ ശ്യാം റിലീസ് നാളെ; അമിതാഭ് ബച്ചനും പൃഥ്വിരാജിനും നന്ദി പറഞ്ഞ് പ്രഭാസ്
ബാഹുബലി നായകൻ പ്രഭാസിന്റെ പുതിയ ചിത്രം രാധേ ശ്യാം നാളെ റിലീസ് ചെയ്യും. പ്രണയകഥയിലെ നായകനായി താരം എത്തുന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.
കൗതുകകരമായ കാര്യം തെലുഗ് ചിത്രത്തിന് ഒരു മലയാളി ബന്ധം കൂടി ഉണ്ടെന്നുള്ളതാണ്. നടൻ പൃഥ്വിരാജ് ചിത്രത്തിൽ ശബ്ദം നൽകുന്നുണ്ട്. പ്രഭാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. അമിതാഭ് ബച്ചൻ, പൃഥ്വിരാജ് സുകുമാരൻ, എസ് എസ് രാജമൗലി, ശിവ് രാജ് കുമാർ എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പ്രഭാസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം തെലുഗ്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്നുണ്ട്. കൃഷ്ണം രാജു, സച്ചിൻ ഖേദേക്കർ, പ്രിയദർശി, ഭാഗ്യശ്രീ, മുരളി ശർമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിങ്ങ് കോത്തഗിരി വെങ്കിടേശ്വര റാവു. കഴിഞ്ഞ വർഷം ജൂലൈയിൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ചിത്രം കോവിഡ് മൂലമാണ് നീണ്ടുപോയത്.