ചെർണോബിൽ ആണവ നിലയത്തിൽ റേഡിയേഷൻ തോത് ഇരുപത് മടങ്ങ് വർധിച്ചതായി പുതിയ റിപ്പോർട്ടുകൾ

ചെർണോബിൽ ന്യൂക്ലിയർ കോംപ്ലക്സിൻ്റെ എക്സ്ക്ലുസീവ് സോണിൽ റേഡിയേഷൻ തോത് 20 മടങ്ങ് വർധിച്ചതായി റിപ്പോർട്ടുകൾ. ആണവ നിലയത്തിലെ അധികൃതരെ റഷ്യൻ സൈനികർ രണ്ട് ദിവസത്തോളമായി ബന്ദികളാക്കിയിരിക്കുകയാണ്.

ബന്ദികളാക്കപ്പെട്ട ജീവനക്കാർക്കിടയിൽ ഡ്യൂട്ടി ഷിഫ്റ്റ് സംബന്ധിച്ച ഉൽക്കണ്ഠ വർധിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൂന്നര പതിറ്റാണ്ട് മുമ്പുനടന്ന അപകടത്തിന് ശേഷം അടച്ചു പൂട്ടപ്പെട്ട ചെർണോബിൽ ആണവ നിലയം ഇന്നും മാനവരാശിക്ക് ഭീഷണിയായി നിലനിൽക്കുകയാണ്. ആണവ നിലയത്തെ ഇനിയും എത്രയോ കാലം സുരക്ഷിതമായി നിലനിർത്തേണ്ടതുണ്ട്. അതിനാവശ്യമായ വൈദ്യുതി, വെള്ളം, പണം, മനുഷ്യാധ്വാനം എന്നിവ പതിറ്റാണ്ടുകളോളം തുടർച്ചയായി നൽകിക്കൊണ്ടിരിക്കണം.

ചെർണോബിൽ പോലെ അപകടകരമായ മേഖലയിലേക്ക് സൈനികർ ഇരച്ചുകയറുന്നതും അധികൃതരെ ബന്ദികളാക്കുന്നതും വിവേകശൂന്യമായ നടപടിയാണെന്ന് ആണവായുധ വിരുദ്ധ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ സഹദേവൻ പറഞ്ഞു.

1986 ഏപ്രിൽ 26-നാണ് അന്നത്തെ യു എസ് എസ് ആറിൽ ചെർണോബിൽ ആണവ നിലയം പൊട്ടിത്തെറിച്ചത്. അപകടത്തെപ്പറ്റി ലോകമറിഞ്ഞത് സ്വീഡനിലെ റേഡിയേഷൻ മോണിറ്ററിൽ കണ്ട അസാധാരണ നിലയിൽ ഉയർന്ന വികിരണത്തോത് സംബന്ധിച്ച അന്വേഷണത്തിലൂടെയാണ്. പ്രവർത്തനം നിർത്തിവെച്ചാൽപ്പോലും അപകട സാധ്യത പതിറ്റാണ്ടുകളോളം നിലനിൽക്കുന്ന ആണവ നിലയങ്ങളിലേക്കുള്ള സൈനിക കടന്നുകയറ്റം മനുഷ്യത്വ വിരുദ്ധവും അങ്ങയറ്റം ആശങ്കാജനകവുമാണ്.

Related Posts