സ്കാനിംഗിനെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി; റേഡിയോളജിസ്റ്റ് അറസ്റ്റിൽ
പത്തനംതിട്ട: എം.ആർ.ഐ സ്കാനിംഗിനെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അടൂരിലെ സ്കാനിംഗ് സെന്‍ററിലെ ജീവനക്കാരൻ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈൽ ഫോണിൽ സമാനമായ രീതിയിൽ ചിത്രീകരിച്ചതായി കരുതുന്ന നിരവധി ദൃശ്യങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. അടൂർ ആശുപത്രി ജംഗ്ഷനിലെ സ്വകാര്യ ലാബിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെയാണ് ഏഴംകുളം സ്വദേശിനിയായ പെൺകുട്ടി എംആർഐ സ്കാനിംഗിനായി കേന്ദ്രത്തിലെത്തിയത്. വസ്ത്രം മാറുന്നതിനിടെ, ആരോ തന്‍റെ ഫോട്ടോ എടുക്കുന്നുണ്ട് എന്ന് സംശയിച്ച് പെൺകുട്ടി തിരിഞ്ഞ് നോക്കിയപ്പോൾ, റേഡിയോളജിസ്റ്റായ രഞ്ജിത്ത് ദൃശ്യങ്ങൾ പകർത്തുന്നത് പെൺകുട്ടി കണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ രാത്രിയിൽ തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ പെൺകുട്ടി യുവാവിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി സ്വകാര്യ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. സമാനമായ രീതിയിൽ സ്കാനിംഗിനായി എത്തിയ നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.