റാഗിംഗ്; വർക്കല എസ്എൻ കോളേജിൽ മൂന്ന് വിദ്യാർത്ഥികളെ പുറത്താക്കി
തിരുവനന്തപുരം: വർക്കല എസ്എൻ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത മൂന്നാം വർഷ വിദ്യാർത്ഥികളെ പുറത്താക്കി. കോളേജിലെ ആന്‍റി റാഗിംഗ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാരെന്ന് തെളിഞ്ഞ 3 വിദ്യാർത്ഥികളെ പുറത്താക്കിയത്. കോളേജിലെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് തുടർനടപടികൾക്കായി വർക്കല പൊലീസിന് കൈമാറി. ഒക്ടോബർ 10നാണ് സീനിയർ വിദ്യാർത്ഥികൾ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളെ റാഗിംഗ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പ്രിൻസിപ്പലിന് ലഭിച്ചത്. സംഭവ ദിവസം രാവിലെ 11 മണിയോടെ മർദ്ദനമേറ്റ വിദ്യാർത്ഥികളുമായി പ്രിൻസിപ്പൽ സംസാരിച്ചിരുന്നു. ഇവരിൽ നിന്ന് രേഖാമൂലം പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധ്യാപകർക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ആന്‍റി റാഗിംഗ് സെൽ അന്വേഷണം നടത്തി. പ്രതികളിൽ നിന്നുള്ള വിശദീകരണം കേട്ട ശേഷം റാഗിംഗ് വിരുദ്ധ സെൽ മൂവരെയും പുറത്താക്കാൻ മാനേജ്മെന്‍റിന് നിർദേശം നൽകി. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയായ എസ് മാധവ്, ബിഎസ്സി കെമിസ്ട്രി മൂന്നാം വർഷ വിദ്യാർത്ഥി ജിതിൻ രാജ്, ബികോം ഫിനാൻസ് മൂന്നാം വർഷ വിദ്യാർത്ഥി ബി ജൂബി എന്നിവരെയാണ് പുറത്താക്കിയത്.