രാഹുലിനൊപ്പം രഘുറാം രാജൻ; ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് മുന്‍ ആർബിഐ ഗവര്‍ണര്‍
ജയ്പുര്‍: മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. ബുധനാഴ്ച രാവിലെ രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്നാണ് അദ്ദേഹം യാത്രയിൽ പങ്കെടുത്തത്. രാഹുലുമായി സംസാരിച്ചുകൊണ്ട് രഘുറാം രാജൻ നടന്നുനീങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിച്ചുവെന്ന് രഘുറാം രാജൻ നേരത്തെ പറഞ്ഞിരുന്നു. നോട്ട് നിരോധനത്തെ താൻ അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹം തന്‍റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര വിവിധ സംസ്ഥാനങ്ങൾ കടന്നാണ് രാജസ്ഥാനിലെത്തിയത്. 2023 ഫെബ്രുവരിയിൽ ജമ്മു കശ്മീരിൽ യാത്ര സമാപിക്കും. സിനിമാ താരങ്ങളും ആക്ടിവിസ്റ്റുകളും മുൻ ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പ്രമുഖർ ഇതിനകം തന്നെ യാത്രയിൽ അണിചേർന്നിട്ടുണ്ട്.