ഓട്ടോ ഡ്രൈവർ ഷെരീഫിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി
വയനാട്: മുട്ടിൽ-വാരിയാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ ഷെരീഫിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. വയനാട് സന്ദർശന വേളയിൽ ഷെരീഫിന്‍റെ ഓട്ടോറിക്ഷയിൽ കയറിയതിൻ്റെയും സംസാരിച്ചതിന്‍റെയും ഓർമ്മകളാണ് രാഹുൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഇടപ്പെട്ടി സ്വദേശിയായ വി.വി.ഷെരീഫ് കഴിഞ്ഞ ശനിയാഴ്ചയാണ് വാഹനാപകടത്തിൽ മരിച്ചത്. ഓട്ടോ കാറിലും കെഎസ്ആർടിസിയിലും ഇടിച്ചാണ് അപകടമുണ്ടായത്. 2021 ഏപ്രിലിൽ വയനാട് സന്ദർശിച്ചപ്പോൾ രാഹുൽ ഗാന്ധി ഷെരീഫിന്‍റെ ഓട്ടോയിൽ യാത്ര ചെയ്തിരുന്നു. ഈ ഓർമയാണ് രാഹുൽ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. "വയനാട്ടിൽ ഉണ്ടായ വാഹനാപകട വാർത്ത വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. അപകടത്തിൽ മരിച്ച ഷെരീഫിന്‍റെയും അമ്മിണിയുടെയും കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. വയനാട് സന്ദർശന വേളയിൽ ഷെരീഫുമായി ആശയവിനിമയം നടത്താൻ സാധിച്ചു. അദ്ദേഹത്തിന്‍റെ മനുഷ്യത്വവും അറിവും തൊഴിലാളികളെയും അവരുടെ പ്രതിസന്ധികളെയും മനസിലാക്കാൻ എന്നെ സഹായിച്ചു," രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.