രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിൽ ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും
ഗുജറാത്ത്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിൽ. ഉച്ചയ്ക്ക് 12.30ന് പരിവർത്തൻ സങ്കൽപ് സഭയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. ഈ മാസം 15ന് മുമ്പ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കും. ഏഴിന് ആരംഭിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ലക്ഷ്യം വിശദീകരിക്കാൻ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി വാർത്താസമ്മേളനം നടത്തും. അതിനിടെ, ഗുജറാത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് വിശ്വനാഥ് സിംഗ് വഗേല പാർട്ടി വിട്ടു. രാഹുൽ ഗാന്ധിയുടെ ഇന്നത്തെ സംസ്ഥാന സന്ദർശനത്തിന് മുന്നോടിയായായിരുന്നു വഗേലയുടെ രാജി. രാജിക്കത്ത് അദ്ദേഹം പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കും ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷനും കൈമാറി. വ്യക്തികളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി പാർട്ടി മുന്നോട്ട് പോകുന്നുവെന്ന് വഗേല വിമർശിച്ചു. പണമുള്ളവർക്കും നേതാക്കളുടെ മക്കൾക്കും മാത്രമാണ് കോൺഗ്രസിൽ നന്നായി പ്രവർത്തിക്കാനാവുകയെന്നും വിശ്വനാഥ് സിംഗ് വഗേല പറഞ്ഞു.