ദേശസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നു, മിസ്റ്റർ 56-ന് ഭയമെന്ന് രാഹുൽ ഗാന്ധി
ദേശസുരക്ഷാ വിഷയത്തിൽ കേന്ദ്രസർക്കാർ വിട്ടുവീഴ്ച ചെയ്യുന്നതായി രാഹുൽഗാന്ധി. കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ പദ്ധതികളോ തന്ത്രങ്ങളോ ഇല്ലെന്നും മിസ്റ്റർ 56-ന് ഭയമാണെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. രാജ്യത്തിൻ്റെ അതിർത്തി കാക്കാൻ സ്വന്തം ജീവിതം പോലും ത്യജിക്കാൻ തയ്യാറായ സൈനികർക്കൊപ്പമാണ് താനെന്നും കേന്ദ്രസർക്കാർ പറയുന്ന പച്ചക്കള്ളങ്ങളിൽ വിശ്വാസമില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന വിദേശകാര്യ മന്ത്രാലയത്തിൻ്റെ അഭിപ്രായത്തെ ഖണ്ഡിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് രംഗത്തു വന്നതിനെപ്പറ്റിയുള്ള ട്വീറ്റിലാണ് കേന്ദ്രസർക്കാർ പരസ്പര വിരുദ്ധമായ പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്.