കർഷക പ്രക്ഷോഭത്തിൽ കുനിഞ്ഞത് ധാർഷ്ട്യത്തിന്റെ തലയെന്ന് രാഹുൽ ഗാന്ധി
രാജ്യത്തിൻ്റെ അന്നദാതാക്കൾ തങ്ങളുടെ ദീർഘകാലത്തെ സത്യാഗ്രഹസമരം കൊണ്ട് അഹങ്കാരത്തിൻ്റെ തല കുനിപ്പിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെയാണ് രാഹുലിൻ്റെ ട്വീറ്റ്. അനീതിക്കെതിരായ വിജയത്തിൽ കർഷകരെ അഭിനന്ദിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. "കേന്ദ്ര സർക്കാരിന് കർഷക വിരുദ്ധമായ മൂന്ന് കരിനിയമങ്ങളും പിൻവലിക്കേണ്ടി വരും, തൻ്റെ വാക്കുകൾ ഓർത്തുവെച്ചോളൂ" എന്ന തൻ്റെ ജനുവരി 14-ാം തീയതിയിലെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ടാണ് രാഹുലിൻ്റെ പുതിയ ട്വീറ്റ്.
വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വന്നതോടെ ഐതിഹാസിക വിജയത്തിൽ കർഷകരെ അഭിനന്ദിച്ച് പ്രതിപക്ഷ പാർടികൾ രംഗത്തെത്തി. രാജ്യത്തെ കർഷകരുടെ വിജയമാണ് ഇതെന്ന് കോൺഗ്രസ് പറഞ്ഞു. കരിനിയമങ്ങൾ പിൻവലിച്ചത് ശരിയായ ദിശയിലുള്ള ചുവടുവെപ്പാണെന്ന് നവ്ജോത് സിങ്ങ് സിദ്ദു ട്വീറ്റ് ചെയ്തു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുമെന്ന പ്രഖ്യാപനം വന്ന ഈ ദിവസം എത്രയോ മഹത്തായ ദിനമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ട്വീറ്റ്. 700-ൽ കൂടുതൽ കർഷകരുടെ ജീവനാണ് പ്രക്ഷോഭത്തിൽ പൊലിഞ്ഞുപോയതെന്നും അദ്ദേഹം പറഞ്ഞു.