മഹാത്മാ ഗാന്ധിയുമായി തന്നെ ഉപമിക്കേണ്ടെന്ന് അണികളോട് രാഹുല്‍ ഗാന്ധി
ജയ്പുർ: മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്യാൻ താൻ അർഹനല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. "എന്നെ ഗാന്ധിജിയുമായി താരതമ്യം ചെയ്യുന്നത് തികച്ചും തെറ്റാണ്. ഞങ്ങൾ ഒരേ തലത്തിലുള്ള വ്യക്തികളല്ല. അതുകൊണ്ട് എന്നെയും ഗാന്ധിയെയും ഒരു തരത്തിലും താരതമ്യം ചെയ്യരുത്," രാഹുൽ പറഞ്ഞു. "ഗാന്ധിജി മഹാനായ വ്യക്തിയായിരുന്നു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാൻ അദ്ദേഹം തന്‍റെ ജീവിതം സമർപ്പിച്ചു. 10-12 വർഷം ജയിലിൽ കിടന്നു. അദ്ദേഹത്തെ പോലെ മറ്റാർക്കും കഴിയില്ല. ഒരിക്കലും എന്‍റെ പേര് ഗാന്ധിജിയുടെ പേരിനൊപ്പം ചേർക്കരുത്," രാഹുൽ കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിനെ മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്ത കോൺഗ്രസ് നേതാവിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ പാർട്ടി പ്രവർത്തകരോട് മുൻകാല നേട്ടങ്ങളുടെ സ്തുതിപാഠകർ ആവരുതെന്ന് പറഞ്ഞത്. രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും എന്ത് ചെയ്തു? അവർ രക്തസാക്ഷികളായി. അവർ നല്ല രീതിയിൽ പ്രവർത്തിച്ചു. എന്നാൽ എല്ലാ യോഗങ്ങളിലും കോൺഗ്രസ് അതിനെ കുറിച്ച് മാത്രം സംസാരിക്കരുത്. രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ജവഹർലാൽ നെഹ്റു, മഹാത്മാ ഗാന്ധി... അവരെല്ലാം തങ്ങളാൽ കഴിയുന്നതിന്റെ പരമാവധി ശ്രമിച്ചു. അവർ അവരുടെ ഭാഗം പൂർത്തിയാക്കിക്കഴിഞ്ഞു. നാം ഇപ്പോൾ ചെയ്യാൻ പോകുന്ന കാര്യങ്ങളിലായിരിക്കണം നമ്മുടെ ശ്രദ്ധ. ജനങ്ങൾക്ക് വേണ്ടി നമ്മൾ എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.