മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത വിശ്വനാഥന്റെ വീട് സന്ദർശിച്ച് രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൾക്കൂട്ട മർദ്ദനമേറ്റതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിശ്വനാഥന്‍റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് രാഹുൽ കൽപ്പറ്റ അഡ് ലൈഡ് പാറവയല്‍ കോളനിയിലെ വീട്ടിലെത്തിയാണ് വിശ്വനാഥന്‍റെ കുടുംബത്തെ കണ്ടത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ടി. സിദ്ദീഖ് എം.എൽ.എ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. വയനാട്ടിൽ നിന്ന് ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു വിശ്വനാഥൻ. എന്നാൽ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചതായാണ് ആരോപണം. മെഡിക്കൽ കോളേജിൽ വന്ന ഒരാളുടെ വാലറ്റും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. വിശ്വനാഥനാണ് ഇത് മോഷ്ടിച്ചതെന്നായിരുന്നു ആരോപണം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ശനിയാഴ്ച പുലർച്ചെയാണ് കോളേജിനു സമീപത്തെ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. അപമാനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന് വിശ്വനാഥന്‍റെ കുടുംബം ആരോപിച്ചു. എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിച്ചതെന്നും ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങളില്ലെന്നും വിശ്വനാഥന്‍റെ കുടുംബം പറയുന്നു. വീട്ടുകാരുടെ അനുവാദമില്ലാതെയാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതെന്നും ആരോപണമുണ്ട്.