രാഹുൽ ഗാന്ധി ശിവഗിരി മഠം സന്ദർശിച്ചു; ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലത്ത്
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി ശിവഗിരി സന്ദർശിച്ചു. രാവിലെ 6.30 നായിരുന്നു സന്ദർശനം. ശ്രീനാരായണ ഗുരുദേവ സമാധിയിലും ശാരദ മഠത്തിലും പ്രാർത്ഥന നടത്തിയ രാഹുലിന് സ്വാമിമാർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ഗുരുദേവന്‍റെ പുസ്തകങ്ങളും സമ്മാനിച്ചു. ക്ഷണിക്കപ്പെടാതെ രാഹുൽ വന്നതിൽ സന്തോഷമുണ്ടെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധി എന്നിവർ ശിവഗിരി സന്ദർശിച്ചിട്ടുണ്ടെങ്കിലും രാഹുലിന്‍റെ ആദ്യ സന്ദർശനമാണിത്. ഇതിൽ രാഷ്ട്രീയമില്ലെന്ന് വി ഡി സതീശനും വ്യക്തമാക്കി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് കൊല്ലം ജില്ലയിലൂടെയാണ്. നാവായിക്കുളത്ത് നിന്ന് ആരംഭിക്കുന്ന പദയാത്രയുടെ ആദ്യഘട്ടം ചാത്തന്നൂരിൽ സമാപിക്കും. ഉച്ചകഴിഞ്ഞ് രാഹുൽ വിദ്യാർത്ഥികളുമായി സംവദിക്കും. രണ്ടാം ഘട്ട യാത്ര വൈകിട്ട് ചാത്തന്നൂരിൽ നിന്ന് ആരംഭിച്ച് കൊല്ലം പള്ളിമുക്കിൽ സമാപിക്കും.