ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് 14 കിലോമീറ്റർ നടന്ന് രാഹുൽ ഗാന്ധി
രണ്ട് ദിവസത്തെ ജമ്മു സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കത്രയിൽ നിന്ന് കാൽനടയായി വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് പോയി. താൻ വന്നത് പ്രാർഥിക്കാനാണെന്നും രാഷ്ട്രീയമായ അഭിപ്രായമൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തീർഥാടകർക്കൊപ്പം കാൽനടയായി ക്ഷേത്രത്തിലേക്ക് പോകുന്ന രാഹുലിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 14 കിലോമീറ്റർ ദൂരമാണ് കോൺഗ്രസ് എം പി നടന്നത്. സുരക്ഷാ ജീവനക്കാർ ചുറ്റിലുമുണ്ടായിരുന്നു.
തീർഥാടകരുമായി രാഹുൽ സംവദിക്കുന്ന വീഡിയോ കോൺഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
വൈഷ്ണോ ദേവിയെ സന്ദർശിക്കാനുള്ള ഗാന്ധിയുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് പൂർത്തീകരിച്ചതെന്ന് പാർട്ടിയുടെ ജമ്മു കശ്മീർ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ അഭിപ്രായപ്പെട്ടു.