വിദ്വേഷത്തിൻ്റെ വിഷം രാജ്യമാകെ വ്യാപിക്കുന്നു, ഇത് എന്തുതരം അമൃത് മഹോത്സവമാണ്? അസം വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്
രാജ്യമാകെ വിദ്വേഷത്തിൻ്റെ വിഷം വ്യാപിക്കുകയാണെന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. അസം വിഷയത്തിൽ സർക്കാരിനെ നിശിതമായി വിമർശിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് എന്തു തരം അമൃത് മഹോത്സവമാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന ചോദ്യം അദ്ദേഹം ഉയർത്തുന്നത്.
അസമിൽ ഭൂമി ഒഴിപ്പിക്കലിനിടെ പൊലീസും ഗ്രാമവാസികളും തമ്മിലുണ്ടായ സംഘർഷത്തിനിടെ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയിരുന്നു. ഗ്രാമീണർക്കു നേരെ പൊലീസ് നടത്തിയ നരനായാട്ടിൻ്റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസിനെ പിന്തിരിപ്പിക്കാൻ വടിയുമായി നീങ്ങുന്ന ഗ്രാമീണനു നേരെ പൊലീസ് നിറയൊഴിക്കുന്നതും പൊലീസുകാരും ഒപ്പം ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകനും മൃതദേഹത്തോട് അനാദരവു കാട്ടുന്നതുമായ ദൃശ്യങ്ങൾ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിലുള്ളതായിരുന്നു. സംഭവത്തെ അപലപിച്ച് രാഹുൽ ഗാന്ധി പ്രസ്താവന ഇറക്കിയിരുന്നു.
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാരിൻ്റെ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയാണ് 'ആസാദി കാ അമൃത് മഹോത്സവ് ' എന്ന പേരിൽ രാജ്യമെങ്ങും കൊണ്ടാടുന്നത്. 2021 മാർച്ച് 12 ന് തുടക്കമിട്ട പരിപാടി അവസാനിക്കുന്നത് 2023 ആഗസ്റ്റ് 15 നാണ്. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മണ്ഡലങ്ങളിൽ രാജ്യം കൈവരിച്ച നിർണായകമായ നേട്ടങ്ങളാണ് സ്വാതന്ത്ര്യത്തിൻ്റെ മഹോത്സവത്തിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങൾക്കും ഒരേപോലെ അനുഭവവേദ്യമാകാത്ത സ്വാതന്ത്ര്യം എന്തുതരം സ്വാതന്ത്ര്യമാണ് എന്ന ചോദ്യമാണ് രാഹുൽ ഗാന്ധി ട്വീറ്റിൽ ഉന്നയിക്കുന്നത്.