തമിഴ് സിനിമാ നിർമാതാക്കളുടെ വീടുകളിൽ റെയ്ഡ്: 200 കോടിയുടെ നികുതിവെട്ടിപ്പ്
ചെന്നൈ: തമിഴ് സിനിമാ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ 200 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. കണക്കിൽപ്പെടാത്ത 26 കോടി രൂപയും മൂന്ന് കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് അറിയിച്ചു. അൻപുചെഴിയൻ, കലൈപുലി എസ് താണു, ടി ജി ത്യാഗരാജൻ, എസ് ആർ പ്രഭു, കെ ഇ ജ്ഞാനവേൽ രാജ, എസ് ലക്ഷ്മണകുമാർ എന്നീ നിർമാതാക്കളുടെയും അവരുമായി ബന്ധപ്പെട്ട വിതരണക്കാരുടെയും സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, മധുര, വെല്ലൂർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പരിശോധനയിൽ സിനിമയിൽ നിന്ന് ലഭിച്ച വരുമാനം കുറച്ചു കാണിക്കുന്നതായുള്ള രേഖകൾ കണ്ടെത്തി. അൻപുചെഴിയന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലാണ് പ്രോമിസറി നോട്ടുകളും വായ്പാ രേഖകളും പിടിച്ചെടുത്തത്, ഇവിടെ മറ്റ് നിർമ്മാതാക്കൾക്ക് പലിശയ്ക്ക് പണം നൽകിയിരുന്നു. തീയറ്ററുകളിൽ നിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിക്കുന്ന രേഖകളും വിതരണക്കാരിൽ നിന്ന് കണ്ടെടുത്തു.