വിന്റേജ് സ്റ്റീം എഞ്ചിൻ 'സ്ക്രാപ്പ് ' ആയി വിൽക്കാൻ ശ്രമിച്ച റെയിൽവേ എഞ്ചിനീയർക്ക് സസ്‌പെൻഷൻ
പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്ന ഒരു വിന്റേജ് സ്റ്റീം എഞ്ചിൻ 'സ്ക്രാപ്പ് ' ആയി വിൽക്കാൻ ശ്രമിച്ച റെയിൽവേ എഞ്ചിനീയറെ ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ബിഹാറിലെ പൂർണിയ ജില്ലയിലാണ്സം ഭവം. എഞ്ചിനീയർ രാജീവ് രഞ്ജൻ ഝായ്ക്കും മറ്റ് ആറ് പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊതുദർശനത്തിനായി പൂർണിയയിൽ സ്ഥാപിച്ചിട്ടുള്ള മീറ്റർ ഗേജ് എഞ്ചിനാണ് സ്ക്രാപ്പ് ആയി വിൽക്കാൻ ഝാ ശ്രമിച്ചത്. ഡിസംബർ 14-നാണ് സംഭവം അരങ്ങേറിയത്. സുശീൽ യാദവ് എന്നയാളുടെ സഹായത്തോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് എഞ്ചിൻ പൊളിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് റെയിൽവേ പൊലീസ് ഝായെ പിടികൂടിയത്.
ആർപിഎഫ് ഔട്ട്‌പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ ചോദ്യം ചെയ്തപ്പോൾ, എഞ്ചിൻ്റെ സ്‌ക്രാപ്പ് മെറ്റീരിയൽ അടുത്തുള്ള ഡീസൽ ലോക്കോമോട്ടീവ് ഷെഡിലേക്ക് കൊണ്ടുപോകാൻ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയർ ഉത്തരവിട്ടതായ കത്ത് ഇയാൾ കാണിക്കുകയുണ്ടായി. എന്നാൽ തുടരന്വേഷണത്തിൽ കത്ത് വ്യാജമാണെന്ന് തെളിഞ്ഞു.