മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിനുമേലുള്ള പാലം തകർന്നു: 12 പേർക്ക് പരുക്ക്
നാഗ്പുർ: മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിന് കുറുകെയുള്ള ഫുട് ഓവർബ്രിഡ്ജ് തകർന്ന് ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബല്ലാർപൂർ പട്ടണത്തിലെ ബൽഹർഷാ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നാഗ്പൂരിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്റ്റേഷൻ. വൈകിട്ട് 5.10 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നീലിറ രംഗാരി (48) ആണ് മരിച്ചത്. സെൻട്രൽ റെയിൽവേയുടെ ഭാഗമായ നാഗ്പൂർ ഡിവിഷന്‍റെ കീഴിൽ വരുന്ന സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. പൂനെ വഴിയുള്ള ട്രെയിൻ പിടിക്കാൻ ഒരു വലിയ ജനക്കൂട്ടം പാലം ഉപയോഗിക്കുകയായിരുന്നുവെന്നും പെട്ടെന്ന് അതിന്‍റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നുവെന്നും റെയിൽവേ പോലീസ് പറഞ്ഞു. 20 അടി താഴ്ചയുള്ള റെയിൽവേ ട്രാക്കിലാണ് ഇവർ വീണത്. പരിക്കേറ്റവരെ ബല്ലാർപൂർ റൂറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ചിലരെ ചന്ദ്രപൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.