യാത്രക്കാരുടെ ഡാറ്റ വിൽക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി റെയിൽവേ

ഡൽഹി: യാത്രക്കാരുടെയും ചരക്ക് കടത്തുകാരുടെയും വ്യക്തിഗത വിവരങ്ങൾ വിറ്റ് പണം സമ്പാദിക്കാനുള്ള നീക്കം റെയിൽവേയുടെ കീഴിൽ വരുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ ആർ സി ടി സി) താൽക്കാലികമായി പിൻവലിച്ചു. ഇതിന്‍റെ ഭാഗമായി വിവര കൈമാറ്റം നടത്താൻ കൺസൾട്ടന്‍റിനെ ക്ഷണിച്ചുകൊണ്ടുള്ള ടെൻഡർ ഐ ആർ സി ടി സി പിൻവലിച്ചു. സ്വകാര്യ, സർക്കാർ കമ്പനികൾക്ക് വ്യക്തിഗത വിവരങ്ങൾ വിറ്റ് പ്രതിവർഷം 1,000 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. വ്യക്തിഗത വിവരങ്ങൾ വിൽക്കാനുള്ള നീക്കം സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് സാമൂഹിക സംഘടനകളും സമൂഹ മാധ്യമങ്ങളും രംഗത്തുവന്നിരുന്നു. ശശി തരൂർ എം പി അദ്ധ്യക്ഷനായ പാർലമെന്‍ററി കമ്മിറ്റി വെള്ളിയാഴ്ച യോഗം ചേർന്ന് ഐ ആർ സി ടി സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ഇതേതുടർന്നാണ് ടെൻഡർ പിൻവലിച്ചത്. കേന്ദ്ര സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ച ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പാസായ ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ഐ ആർ സി ടി സി യുടെ തീരുമാനം. ഓൺലൈനായി ടിക്കറ്റ് വാങ്ങുമ്പോൾ നൽകുന്ന ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, ആധാർ വിശദാംശങ്ങൾ, വിലാസം, പ്രായം, യാത്രക്കാരുടെ എണ്ണം, ക്ലാസ്, ടിക്കറ്റിനുള്ള പേയ്മെന്‍റ് രീതി, അക്കൗണ്ട് ലോഗിൻ വിശദാംശങ്ങൾ മുതലായവ ടെൻഡർ സ്വീകരിക്കുന്ന കമ്പനികൾക്ക് ലഭ്യമാകുമെന്നും ഇത് വലിയ സാധ്യതകൾ തുറക്കുമെന്നും ടെൻഡർ രേഖയിൽ പറഞ്ഞിരുന്നു.

Related Posts