8 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത ഏതാനും മണിക്കൂറുകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 26ന് രാത്രി 11.30 വരെ കേരള തീരത്ത് 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫിക് റിസർച്ച് അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദ്ദേശപ്രകാരം അപകടമേഖലകളിൽ നിന്ന് മാറണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. ബീച്ചിലേക്കുള്ള യാത്രകളും കടലിലെ വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.