കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥയിൽ വീണ്ടും മാറ്റം. വരും ദിവസങ്ങളിൽ കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകി. ഇന്ന് മുതൽ ഒക്ടോബർ 5 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലകളിൽ കൂടുതൽ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 5 ദിവസത്തേക്ക് പുതുക്കിയ മഴയുടെ പ്രവചനമനുസരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് കനത്ത മഴ.