പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തല്‍; കേന്ദ്രനീക്കത്തെ പിന്തുണക്കാതെ ആര്‍ എസ് എസ്
നാഗ്പുര്‍: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തില്‍ തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ സമൂഹത്തിന് വിട്ടുകൊടുക്കണമെന്ന് വിശ്വസിക്കുന്നുവെന്നും ആര്‍ എസ് എസ്. ഹിജാബ് വിവാദം പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ആര്‍ എസ് എസ് പറയുന്നു.
'വിവാഹപ്രായം സംബന്ധിച്ച വിഷയം ചര്‍ച്ചയിലാണ്. പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ആദിവാസികള്‍ക്കിടലും ഗ്രാമപ്രദേശങ്ങളിലും വിവാഹങ്ങള്‍ നേരത്തെ നടക്കുന്നു. ഇത് വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്നുവെന്നും ഗര്‍ഭധാരണം നേരത്തെയാക്കുമെന്നുമാണ് ഗവണ്‍മെന്റിന്റെ വാദം. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ എത്രമാത്രം ഇടപെടണം എന്നതാണ് ചോദ്യം. ചില കാര്യങ്ങള്‍ സമൂഹത്തിന് വിട്ടുകൊടുക്കണം.'-ഒരു മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്ത്രീകളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്ന ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിർപ്പിനെ തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചയ്ക്കായി ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയച്ചു. ഭര്‍ത്തൃ ബലാത്സംഗ വിഷയത്തിലും ആര്‍ എസ് എസിന് സമാനമായ അഭിപ്രായമുണ്ടെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്നത് കുടുംബത്തിന് വിടണമെന്ന് വിശ്വസിക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ അടുത്തിടെയുണ്ടായ വിവാദം പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ആര്‍ എസ് എസ് വ്യക്തമാക്കി. അതുകൊണ്ടാണ് സംഘം വിഷയത്തില്‍ ഇടപെടാത്തതെന്നും ആര്‍ എസ് എസ് കൂട്ടിച്ചേർത്തു.