നാലുകിലോ കുറച്ചെന്ന് രാജ് കലേഷ്, കുറച്ചത് തൂക്കമോ അതോ നിക്കറിന്റെ ഇറക്കമോ എന്ന് ആരാധകർ
ഇരുപത്തിയൊന്നു ദിവസത്തെ പരിശ്രമം കൊണ്ട് തൂക്കം നാലുകിലോ കുറച്ചെന്ന് ഷെഫും അവതാരകനുമായ രാജ് കലേഷ്. എന്നാൽ ഫോട്ടോ കണ്ടിട്ട് മാറ്റമൊന്നും തോന്നുന്നില്ലെന്നാണ് ആളുകളുടെ പ്രതികരണം. കുറച്ചത് തൂക്കമാണോ അതോ ഇട്ടിരിക്കുന്ന നിക്കറിന്റെ ഇറക്കമാണോ എന്ന രസികൻ സംശയമാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആരാധകർ ഉയർത്തുന്നത്.
ട്രൗസർ ചെറുതായതല്ലാതെ ഒരു മാറ്റവും ഇല്ലല്ലോ എന്നാണ് ചിലർ പ്രതികരിച്ചിരിക്കുന്നത്. ചുമ്മാ കള്ളം പറയാതെ ചേട്ടാ, ഒരു ഫോട്ടോ വിയർത്തപ്പോൾ എടുത്തതും മറ്റേത് വിയർപ്പു തുടച്ചതിനുശേഷം എടുത്തതുമാണെന്ന് വേറൊരാൾ പ്രതികരിക്കുന്നു. രണ്ട് ഫോട്ടോകളിൽ ഏതാണ് ലേറ്റസ്റ്റ് എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്. എന്തായാലും രസകരങ്ങളായ പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മജീഷ്യനും പാചക വിദഗ്ധനും ടെലിവിഷൻ അവതാരകനുമായ തിരുവനന്തപുരത്തുകാരൻ കുക്കറി ഷോകളിലൂടെയാണ് മലയാളികൾക്കിടയിൽ ശ്രദ്ധേയനായത്. സപ്തമ.ശ്രീ.തസ്കരാഃ, ഉസ്താദ് ഹോട്ടൽ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നീ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. 2007-ലും 2009-ലും മികച്ച ടെലിവിഷൻ അവതാരകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.