ശൈശവ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ബിൽ പാസ്സാക്കി രാജസ്ഥാൻ, നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷം
ശൈശവ വിവാഹം ഉൾപ്പെടെ മുഴുവൻ വിവാഹങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമ ഭേദഗതി പാസ്സാക്കി രാജസ്ഥാൻ നിയമസഭ. 2009 ലെ വിവാഹ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള രാജസ്ഥാൻ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, 2021 ആണ് നിയമസഭ പാസാക്കിയത്. പുതിയ നിയമ പ്രകാരം ശൈശവ വിവാഹങ്ങൾ അടക്കം സംസ്ഥാനത്തെ മുഴുവൻ വിവാഹങ്ങളും രജിസ്റ്റർ ചെയ്തിരിക്കണം. ബാലവിവാഹം നടന്നാൽ 30 ദിവസത്തിനുള്ളിൽ മാതാപിതാക്കളോ രക്ഷിതാക്കളോ അതു സംബന്ധിച്ച വിവരങ്ങൾ നൽകണം എന്നാണ് ഭേദഗതി അനുശാസിക്കുന്നത്.
രാജ്യം നിയമം വഴി നിരോധിച്ച ശൈശവ വിവാഹത്തിന് പ്രാബല്യം നൽകുന്ന ഭരണഘടനാ വിരുദ്ധമായ നടപടിയാണ് പുതിയ നിയമ ഭേദഗതി എന്ന് ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്കരിച്ചു. ശബ്ദവോട്ടോടെയാണ് ഭേദഗതി ബിൽ സഭ അംഗീകരിച്ചത്.
നിയമഭേദഗതിയിൽ ഒരിടത്തും ശൈശവ വിവാഹങ്ങൾ സാധുതയുള്ളതാണെന്ന് പറയുന്നില്ലെന്നാണ് ഇക്കാര്യത്തിൽ ഭരണപക്ഷത്തിൻ്റെ നിലപാട്. ശൈശവ വിവാഹത്തിന് നിയമ പ്രാബല്യം നൽകുന്നില്ല. മറിച്ച് സർട്ടിഫിക്കറ്റിൻ്റെ അഭാവത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന വിധവകൾക്ക് സംരക്ഷണം നൽകാനാണ് വിവാഹ രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നതെന്ന് രാജസ്ഥാൻ പാർലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാൾ പറഞ്ഞു. "ഭേദഗതിയിലൂടെ ശൈശവ വിവാഹങ്ങൾ സാധൂകരിക്കുമെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം തെറ്റാണ്. ശൈശവ വിവാഹങ്ങൾ സാധുതയുള്ളതാണെന്ന് ഭേദഗതിയിൽ എവിടെയും പറയുന്നില്ല. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് നിയമപരമായ രേഖയാണ്. അതിൻ്റെ അഭാവത്തിൽ വിധവകൾക്ക് സർക്കാർ പദ്ധതികളുടെ ആനുകൂല്യം നിഷേധിക്കപ്പെടും," ധരിവാൾ പറഞ്ഞു.