ദേശീയ അവാർഡ് ഏറ്റുവാങ്ങി രജനികാന്തും കങ്കണയും ധനുഷും
67-ാമത് ദേശീയ അവാർഡ് വിതരണം ഡൽഹിയിൽ നടന്നു. ദാദാസാഹെബ് ഫാൽക്കെ നേടിയ രജനികാന്ത്, മികച്ച നടനുള്ള അവാർഡ് പങ്കുവെച്ച ധനുഷ്, മനോജ് വാജ്പേയ്, മികച്ച നടിക്കുള്ള അവാർഡ് നേടിയ കങ്കണ റണൗത് ഉൾപ്പെടെ ജേതാക്കളെല്ലാം അവാർഡ് ഏറ്റുവാങ്ങി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. 'മണികർണിക', 'പാംഗ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് പുരസ്കാരം. 'അസുരൻ' എന്ന തമിഴ് ചിത്രത്തിലൂടെ ധനുഷും 'ബോൺസ് ലേ'യിലൂടെ മനോജ് വാജ്പേയിയും മികച്ച നടനുള്ള അവാർഡ് പങ്കിടുകയായിരുന്നു. ദാദാസാഹെബ് ഫാൽക്കെ നേടിയ നടൻ രജനികാന്തിനെ സ്റ്റാൻഡിങ്ങ് ഒവേഷൻ നൽകി ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത് 'മരക്കാർ: അറബിക്കടലിൻ്റെ സിംഹം' എന്ന സിനിമയ്ക്കാണ്. പ്രിയദർശനാണ് ചിത്രത്തിൻ്റെ സംവിധായകൻ. വിജയ് സേതുപതി (സൂപ്പർ ഡീലക്സ് ), പല്ലവി ജോഷി (താഷ്കൻ്റ് ഫയൽസ്) എന്നിവർക്കാണ് മികച്ച സ്വഭാവ നടനും നടിക്കുമുള്ള അംഗീകാരം ലഭിച്ചത്. സഞ്ജയ് പുരൺ സിങ് ചൗഹാനാണ് മികച്ച സംവിധായകനുള്ള അവാർഡ്. മികച്ച പുതുമുഖ സംവിധായകനുള്ള അവാർഡ് മലയാള ചലച്ചിത്രം 'ഹെലൻ' ചെയ്ത മാത്തുക്കുട്ടി സേവിയറിനാണ്. മരക്കാറിലൂടെ സ്പെഷ്യൽ എഫക്റ്റ്സിനുള്ള അവാർഡ് ലഭിച്ച
പ്രിയദർശൻ്റെ മകൻ സിദ്ധാർഥ്, 'കോളാമ്പി' യിലൂടെ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടിയ പ്രഭാവർമ, രഞ്ജിത്ത് (മേക്കപ്പ് ആർടിസ്റ്റ്, ഹെലൻ), സുജിത്ത് സുധാകരൻ, വി സായ് (വസ്ത്രാലങ്കാരം, മരക്കാർ), ഗിരീഷ് ഗംഗാധരൻ (ഛായാഗ്രഹണം, ജല്ലിക്കെട്ട്) തുടങ്ങിയവരും അവാർഡുകൾ ഏറ്റുവാങ്ങി.